

ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അല്‍ മംസാര്‍ കോര്‍ണിഷിലെ വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമായുള്ള 88 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായി. ലോക നിലവാരത്തിലുള്ള തീരദേശ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാക്കി മംസാറിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബായിലെ താമസക്കാരുടെയും സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായ അല്‍ മംസാര്‍ ബീച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സ്ത്രീകള്‍ക്കായി പ്രത്യേക ബീച്ചുകള്‍, രാത്രി നീന്തല്‍ സൗകര്യങ്ങള്‍, സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മതില്‍ കെട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ ആരോഗ്യ സേവന സൗകര്യങ്ങള്‍, സമഗ്രമവും സംയോജിതവുമായ അടിസ്ഥാന സൗകര്യങ്ങള്‍, ബീച്ചുകളുടെ മുന്‍വശത്ത് ഭക്ഷ്യ, പാനീയ ഔട്ട്ലറ്റുകള്‍ എന്നിവയും സജ്ജമാക്കും.
ജോഗിങ്, സൈക്ലിങ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫിറ്റ്നസ് മേഖലകള്‍, ബീച്ച് കളികള്‍ക്കായുള്ള സ്ഥലങ്ങള്‍, രാത്രിയും പകലും ഇരിക്കാവുന്ന മേല്‍ക്കൂരയോട് കൂടിയ ഇരിപ്പിടങ്ങള്‍, സ്‌കേറ്റ് പാര്‍ക്ക് എന്നിവ ബീച്ചിനെ കൂടുതല്‍ ആകര്‍ഷകമാക്കും. പദ്ധതിയുടെ 88 ശതമാനം പണികളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. അധികം വൈകാതെ മുഴവന്‍ നിര്‍ണമ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി കൂടുതല്‍ ആകര്‍ഷണങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ദുബായ് മുന്‍സിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
വാസ്തുവിദ്യാ മികവ്, പരിസ്ഥിതി സംരക്ഷണം എന്നിവ സമന്വയിപ്പിച്ചുള്ള നിര്‍മ്മാണ രീതിയാണ് അല്‍ മംസാറില്‍ നടന്നു വരുന്നത്. പുതിയ തലമുറയെക്കൂടി ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളും ഇതിന്റെ ഭാഗമാണ്. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗലിത പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുന്‍സിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രോജക്ട് മാനേജര്‍മാര്‍, എന്‍ജിനീയറിങ് ടീമംഗങ്ങള്‍ തുടങ്ങിയവരും സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു.
Content Highlights: Development works at Al Mamzar, one of Dubai’s major tourist destinations, are in the final stage. The upgrade aims to enhance visitor experience and facilities.