

ഇന്ത്യയിലെ ക്രിപ്‌റ്റോ വ്യാപാരികൾ കഴിഞ്ഞ 5 വർഷത്തിനിടെ നടത്തിയ ഇടപാടുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു വരികയാണ്. പ്രധാനമായും 2021-22 സാമ്പത്തിക വർഷത്തെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പലർക്കും നോട്ടീസുകൾ ലഭിക്കുന്നത്.
പഴയ ഇടപാടുകൾ പരിശോധിക്കുന്നു

ബിറ്റ്‌കോയിൻ , എഥീറിയം തുടങ്ങിയവ വാങ്ങുകയോ വിൽക്കുകയോ ചെയ്തവർ ലാഭം കാണിച്ചിട്ടില്ലെങ്കിൽ അത് വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്.
സെക്ഷൻ 148A നോട്ടീസ് ആണ് അയക്കുന്നത്. ഇത് നിങ്ങൾ ടാക്‌സ് അടയ്ക്കണം എന്നുള്ള അവസാന നോട്ടീസല്ല. മറിച്ച്, നിങ്ങളുടെ വരുമാനത്തിൽ എന്തെങ്കിലും കുറവ് കാണിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു ഷോ-കോസ് നോട്ടീസാണ്. 7 മുതൽ 30 ദിവസത്തിനുള്ളിൽ ഇതിന് മറുപടി നൽകണം. നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ടാക്‌സ് വകുപ്പിന് നിങ്ങളുടെ ആ വർഷത്തെ ഫയലുകൾ വീണ്ടും പരിശോധിക്കാനും ടാക്‌സിനൊപ്പം പലിശയും പിഴയും ഈടാക്കുകയും ചെയ്യും.
ആദായനികുതി വകുപ്പ് ഇത് എങ്ങനെ കണ്ടെത്തുന്നു?
നിങ്ങൾ വസീർഎക്സ്, കോയിൻസ്വിച്ച് പോലുള്ള ഇന്ത്യൻ എക്സ്ചേഞ്ചുകളോ, ബൈനൻസ് പോലുള്ള ആഗോള എക്സ്ചേഞ്ചുകളോ ഉപയോഗിച്ചാലും സർക്കാർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ പാൻ കാർഡുമായി ബന്ധിപ്പിച്ച എക്സ്ചേഞ്ച് വിവരങ്ങൾ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി ക്രിപ്‌റ്റോ വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ കണക്കുകൾ, നിങ്ങൾ എത്ര തുകയുടെ ഇടപാട് നടത്തി എന്നുള്ള എക്സ്ചേഞ്ച് റിപ്പോർട്ടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ചില കേസുകളിൽ യഥാർത്ഥ ലാഭത്തിന് പകരം നിങ്ങൾ നടത്തിയ ആകെ ഇടപാട് തുകയെ വരുമാനമായി കണക്കാക്കി നോട്ടീസ് വന്നേക്കാം. ഉദാഹരണത്തിന് 1.6 കോടി രൂപയുടെ ഇടപാട് നടത്തി വെറും 5 ലക്ഷം രൂപ മാത്രമാണ് ലാഭമെങ്കിലും വലിയ തുകയുടെ കണക്ക് കണ്ട് സിസ്റ്റം നിങ്ങളെ ഫ്ലാഗ് ചെയ്തേക്കാം.
എന്തുകൊണ്ടാണ് 2021-22 വർഷം ഇപ്പോൾ പരിശോധിക്കുന്നത്?
2022 ഏപ്രിൽ ഒന്നിനാണ് ഇന്ത്യയിൽ ക്രിപ്‌റ്റോയ്ക്ക് കൃത്യമായ 30% നികുതി നിയമം വന്നത്. അതിനു മുൻപുള്ള വർഷങ്ങളിൽ ക്രിപ്‌റ്റോ ലാഭം എങ്ങനെ കാണിക്കണം എന്നതിൽ പലർക്കും വ്യക്തതയില്ലായിരുന്നു. അതുകൊണ്ട് തന്നെ പലരും ഇത് വരുമാനമായി കാണിച്ചിട്ടില്ല. ഈ പഴുതുകൾ കണ്ടെത്താനാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചാൽ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ ട്രേഡിംഗ് രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും കൃത്യമായി സൂക്ഷിക്കുക. ഒരു ടാക്‌സ് വിദഗ്ദ്ധന്റെ സഹായത്തോടെ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
Income tax notices are being issued to crypto investors in India regarding their transactions from the 2021-22 financial year.