

യുഎഇയിലെ മുതിർന്നവരിൽ പകുതിയോളം പേരും ആഴ്ചയിൽ ഒന്നിലധികം തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വേഗത്തിൽ കഴിക്കാൻ കഴിയുന്നതിലും ഉപരിയായി ഫാസ്റ്റ് ഫുഡിന്റെ രുചിയോടുള്ള താൽപ്പര്യമാണ് ഇത്തരമൊരു ട്രെന്റിന് പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
യുഎഇയിലെ മുതിർന്നവരിൽ ഏകദേശം 46.6 ശതമാനം പേർ ആഴ്ചയിൽ രണ്ട് തവണയോ അതിലധികമോ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാണ്. ഏകദേശം 56.9 ശതമാനം പേരും രുചി കാരണമാണ് ഫാസ്റ്റ് ഫുഡ് തിരഞ്ഞെടുക്കുന്നത്. തിരക്കുപിടിച്ച ജീവിതശൈലി കാരണം വേഗത്തിൽ കഴിക്കാൻ കഴിയുന്നുവെന്ന് കാരണമായി പറഞ്ഞത് 21.6 ശതമാനം പേർ മാത്രമാണ്.
അതിനിടെ ഈ ഭക്ഷണശീലം രാജ്യത്തെ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഗവേഷകർ പങ്കുവെക്കുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ വർദ്ധിക്കാൻ ഇത് കാരണമായേക്കാം. ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നവർ പലപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരാണെന്നും ഭക്ഷണത്തിന് കൃത്യമായ സമയക്രമം പാലിക്കാത്തവരാണെന്നും പഠനം വ്യക്തമാക്കുന്നു. ഈ പ്രവണത തടയുന്നതിനായി കൂടുതൽ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ ആവശ്യമാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ അപകടകരമായ ചില സ്വഭാവങ്ങൾ കണ്ടുവരുന്നതായും പഠനത്തിൽ പറയുന്നുണ്ട്. വലിയ അളവിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നു. കൊഴുപ്പും പഞ്ചസാരയും ഉപ്പും അമിതമായുള്ള ഭക്ഷണങ്ങളോടാണ് ആളുകൾക്ക് താൽപ്പര്യ കൂടുതൽ. വീടുകളിൽ പാകം ചെയ്യുന്നതിന് പകരം പുറത്തുനിന്ന് വാങ്ങുന്ന രീതിയും ഇത്രക്കാർക്ക് പ്രിയപ്പെട്ടതാണ്.
Content Highlights: A study reveals that elderly residents in the UAE prefer fast food and consume it at least twice a week, raising health concerns.