രേവന്ത് റെഡ്ഡിയിൽ നിന്ന് മാന്യത പ്രതീക്ഷിക്കുന്നില്ല;വഴി കാട്ടുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ:V ശിവൻകുട്ടി

രേവന്ത് റെഡ്ഡി അപമാനിച്ചത് കേരള ജനതയെ കൂടിയാണെന്ന് ശിവന്‍കുട്ടി

രേവന്ത് റെഡ്ഡിയിൽ നിന്ന് മാന്യത പ്രതീക്ഷിക്കുന്നില്ല;വഴി കാട്ടുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ:V ശിവൻകുട്ടി
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രേവന്ത് റെഡ്ഡി അപമാനിച്ചത് കേരള ജനതയെ കൂടിയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. രേവന്ത് റെഡ്ഡിക്ക് ഇക്കാര്യത്തില്‍ വഴി കാട്ടുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

'ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഇത്തരം ഭാഷാപ്രയോഗം നടത്തുന്നത്. ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായവും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം', ശിവന്‍കുട്ടി പറഞ്ഞു.

എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് സംഘപരിവാര്‍ മനസ്സുമായി കോണ്‍ഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ മാന്യമായ ഭാഷ അറിയാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ആ പദവിക്ക് തന്നെ അവഹേളനമാണെന്നും ബിജെപിയെ വിമര്‍ശിക്കുന്നില്ല എന്നാരോപിക്കുന്ന രേവന്ത് റെഡ്ഡി, കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും സുപ്രീം കോടതിയില്‍ ഭരണഘടനാപരമായ പോരാട്ടം നടത്തുന്ന ഏക സംസ്ഥാനം കേരളമാണെന്ന വസ്തുത തിരിച്ചറിയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംഘപരിവാറിനോട് മൃദുസമീപനം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂവെന്നും ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ രേവന്ത് റെഡ്ഡിയുടെ 'പോ മോനെ ദിനേശാ' പരാമര്‍ശം വലിയ വിവാദമായിരുന്നു. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും 'നീ പോ മോനെ വിജയാ' എന്ന് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന് 'ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ പ്രതികരണം.

Content Highlights: V Sivankutty against Revanth Reddy on criticism against CM Pinarayi Vijayan

dot image
To advertise here,contact us
dot image