

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ മേഖല സജ്ജമെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി. ഇറാന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റ് ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് അബുദാബി ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. തത്സമയ നിരീക്ഷണത്തിലൂടെയും വേഗത്തിലുള്ള പ്രതികരണത്തിലൂടെയും ഏത് വെല്ലുവിളിയെയും നേരിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിച്ച അല്‍ മന്‍സൂരി ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി.
അതിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ ടെലികോം കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. സൗദി അറേബ്യയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഊര്‍ജ കേന്ദ്രത്തിന് നാശനഷ്ടമുണ്ടായി. അതിനിടെ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ ആശങ്കയിലാണ് ലോകം.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ കഴിഞ്ഞ മാസം 28ന് തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ് ഇറാന്‍. യുഎഇയില്‍ ഷാര്‍ജയിലെ ടെലികോം കമ്പനിക്ക് നേരെ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റു. അല്‍ തുറയ്യ മേഖലയിലെ റിജിയണല്‍ ഓഫീസിന് നേരെയായിരുന്നു ആക്രമണം. 11 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് തകര്‍ത്തത്.
ഇറാന്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 2,221 ഡ്രോണുകളും 520 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും യുഎഇ നേരിട്ടു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും ഇറാന്‍ ഇന്നും ആക്രമണം നടത്തി. പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഊര്‍ജ കേന്ദ്രത്തിന് സമീപം പതിച്ച് നാശനഷ്ടമുണ്ടായി. രാജ്യത്തെ ലക്ഷ്യമാക്കി എത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും തകര്‍ത്തതായി കുവൈറ്റ് പ്രതിരോധ സേനയും വ്യക്തമാക്കി.
Content Highlights: Abu Dhabi Health Department confirms full preparedness to handle emergency situations, ensuring rapid response and public safety.