

പൊതുഗതാഗത രംഗത്ത് പുതിയ ചുവടുവയ്പ്പുമായി യുഎഇ. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഗതാഗത പദ്ധതി വരുന്നു. ആറ് ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍കിട പദ്ധതിക്ക് യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഹൗസിങ് കൗണ്‍സില്‍ അംഗീകാരം നല്‍കി.
യുഎഇയിലെ വിവിധ എമിറേറ്റുകള്‍ക്കിടയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും യാത്രാസമയം വലിയ തോതില്‍ കുറക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഗതാഗത പദ്ധതി നടപ്പിലാക്കുന്നത്. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 68 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫെഡറല്‍ ഹൈവേയാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. പത്ത് പ്രധാന ഇന്റര്‍ചേഞ്ചുകളും നാല് ഫ്‌ളൈ ഓവറുകളും പ്രത്യേക ബസ് പാതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ ദിശയിലേക്കും ആറ് മുതല്‍ എട്ട് ലൈനുകള്‍ വരെയുണ്ടാകും.
ജനസാന്ദ്രതയുള്ള മേഖലകളെ ഉള്‍പ്പെടുത്തിയാകും ഹൈവേ നിര്‍മിക്കുക. രാജ്യത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ജനങ്ങളുടെയും ചരക്കുകളുടെയും കാര്യക്ഷമമായ നീക്കത്തെ പിന്തുണയ്ക്കുന്നതിനും പദ്ധതിയിലൂടെ കഴിയും.ഹൈവേയ്ക്ക് പുറമെ, പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മാസ് ട്രാന്‍സിറ്റ് പദ്ധതികളും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഹൗസിംഗ് കൗണ്‍സില്‍ യോഗം അവലോകനം ചെയ്തു.
മെട്രോ സ്റ്റേഷനുകളെയും നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പത്ത് പ്രധാന റൂട്ടുകളിലായി 'ബസ് റാപ്പിഡ് ട്രാന്‍സിറ്റ്' സംവിധാനം നടപ്പിലാക്കും. ഇത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും കൂടുല്‍ ആളുകള്‍ പൊതുഗതാഗാത രംഗത്തേക്ക് എത്താന്‍ കാരണമാകുമെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഹൗസിംഗ് കൗണ്‍സില്‍ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും കനത്ത മഴയും ഉണ്ടാകുമ്പോള്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും പുതിയ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: