ഗതാഗത നിയമ ലംഘകർക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്; 1,200-ലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു

ഡ്രൈവിങ്ങിനിടയിലെ ഫോണ്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

ഗതാഗത നിയമ ലംഘകർക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്; 1,200-ലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു
dot image

ഗതാഗത നിയമ ലംഘകര്‍ക്ക് എതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്. അപകടകരമായ ഡ്രൈവിങ്ങിന്റെ പേരില്‍ 1,200-ലധികം വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

ദുബായില്‍ ഗാതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് എതിരായ നടപടി ദുബായ് പൊലീസ് ശക്തമാക്കിയിരിക്കുന്നത്. ഗതാഗത നിമയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1,230 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന് പുറമെ 30,000-ത്തിലധികം ആളുകള്‍ക്ക് പിഴയും ചുമത്തി.

അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, നിയമം ലംഘിച്ചുള്ള റേസിങ് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളുടെ പേരിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയവരും പിടിയിലായിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിലെ ഫോണ്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫോണ്‍ കോളുകള്‍ക്ക് പുറമെ വാഹനം ഓടിക്കുന്നതിനിടയില്‍ സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നതായാണ് കണ്ടെത്തല്‍. നിര്‍മാണ പ്രര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ വേഗത നിയന്ത്രിക്കണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ചരക്ക് വാഹനങ്ങളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഭാരം കയറ്റുന്നത് ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കുമെന്നും ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയും ദുബായ് പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി എമിറേറ്റിലെ എല്ലാ പ്രധാന പാതകളിലും ആധുനിക ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.

റോഡ് സുരക്ഷാ ബോധവത്ക്കരണം ശക്തമാക്കി അപകടങ്ങള്‍ കുറയ്ക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷിത ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Dubai Police has strengthened enforcement against traffic rule violators, seizing more than 1,200 vehicles as part of a major crackdown to improve road safety.

dot image
To advertise here,contact us
dot image