

ഇടുക്കി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രോഗസ് റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് വി ഡി സതീശൻ ആരോപിച്ചു. റവന്യു ഭൂമി വിജ്ഞാപനമിറക്കി വനഭൂമിയാക്കി ഡീനോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞിട്ട് പാലിച്ചില്ല, സിഎച്ച്ആർ പ്രശ്‌നങ്ങൾ, ഏലം കുത്തകപാട്ടം കൊടുക്കുന്നില്ല, ഇടുക്കി ജില്ല മുഴുവൻ വ്യാപകമായ പ്രശ്‌നങ്ങളാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതിവച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഭൂമി പ്രശ്‌നങ്ങൾ മുഴുവൻ പരിഹരിച്ചു എന്നത് നുണയാണ്. ഈ പ്രോഗ്രസ് റിപ്പോർട്ടിൽ മുഴുവൻ നുണയാണ്. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിർമാണപ്രവർത്തനം തുടങ്ങി കൗൺഡൗൺ ആരംഭിച്ചതാണ്. ഈ പദ്ധതിയെ 6000കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പെന്നാണ് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി വിജയൻ പറഞ്ഞത്. കടൽക്കൊള്ളയെന്ന് ദേശാഭിമാനി വിശേഷിപ്പിച്ച പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെടാൻ നാണമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഗെയിൽ പൈപ്പ് ലൈൻ കൊണ്ടുവന്നപ്പോൾ, ഭൂമിക്കടിയിൽ ഒളിപ്പിച്ച ബോംബാണെന്ന് വിശേഷിപ്പിച്ചത് പി രാജീവാണ്. ഇതിനെക്കാൾ കള്ളങ്ങൾ നിറച്ച, നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗമെടുത്താൽ നിരവധി സർവകലാശാലകളിൽ വി സിമാരില്ല, കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല, കാലഹരണപ്പെട്ട കോഴ്‌സുകൾ പഠിക്കാൻ ആളില്ല. കാർഷിക മേഖലയിൽ നെല്ല് സംഭരണം പാളി, ഉമ്മൻ ചാണ്ടിയുടെ കാലത്തെ നെല്ലുസംഭരണം തകർത്തു. കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞു. പ്രഖ്യാപിച്ച ഒരു പാക്കേജും അവർ നടപ്പാക്കിയിട്ടില്ല. കോൺഗ്രസ് അവതരിപ്പിച്ച സർക്കാരിനെതിരെ സമർപ്പിച്ച ഒരു കുറ്റപത്രമുണ്ട്. അത് ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടും. അതിന്റെ ശിക്ഷ ഒമ്പതാം തീയതി വിധിക്കും.
അതേസമയം ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ ബ്ലൗസ് കീറൽ പരമാർശത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പ്രതികരണം പൊളിറ്റിക്കലി ഇൻകറക്ടാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രതികരണം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതികരണങ്ങളെ കോൺഗ്രസ് അംഗീകരിക്കില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: Opposition leader V D Satheesan has strongly criticized the Pinarayi Vijayan government’s progress report, calling it a “report of lies”