

ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിന് നിര്‍ണായക നീക്കവുമായി യുഎഇ ഭരണകൂടം. ഇതിന്റ ഭാഗമായി ദേശീയ ആരോഗ്യ പോഷകാഹാര നയത്തിന് യുഎഇ മന്ത്രിസഭ അംഗീകരം നല്‍കി. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 2031-ഓടെ പൂര്‍ണ്ണമായ ആരോഗ്യ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രമേഹം, അമിത വണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് യുഎഇ ഭരണകൂടത്തിന്റെ നടപടി. കൃത്രിമ ട്രാന്‍സ് ഫാറ്റുകളുടെ പ്രധാന ഉറവിടമായ ഹൈഡ്രജനേറ്റഡ് ഓയിലുകള്‍ രാജ്യത്ത് ഭാഗികമായി നിരോധിക്കാനാണ് യുഎഇ മന്ത്രിസഭയുടെ തീരുമാനം. വ്യാവസായികമായി ശുദ്ധീകരിച്ച എണ്ണകളായ പിഎച്ച്ഒകളാണ് കൃത്രിമ ട്രാന്‍സ് ഫാറ്റുകള്‍ നിര്‍മിക്കുന്നത്. ഇവയുടെ ഉപയോഗം ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവ നീക്കം ചെയ്യുന്നതിലൂടെ കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
കുട്ടികളെ ലക്ഷ്യം വെച്ചുള്ള ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ കാന്റീനുകളില്‍ പോഷകാഹാര മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കും. വനസ്പതിക്കും മാര്‍ജറിനും പകരം ഒലിവ് ഓയില്‍ പോലുള്ളവ ഉപയോഗിക്കുകയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ചിപ്സ്, പേസ്ട്രി എന്നിവയ്ക്ക് പകരം നട്സുകളും വിത്തുകളും ശീലമാക്കണം. വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ഗ്രില്‍ ചെയ്തതോ ബേക്ക് ചെയ്തതോ ആയവ തിരഞ്ഞെടക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചുവന്ന മാംസം കുറച്ച് മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ മാര്‍ദനിര്‍ദേശങ്ങള്‍ യുഎഇ നടപ്പിലാക്കുന്നത്. ഭക്ഷണശാലകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഭക്ഷ്യ വ്യവസായ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: The UAE has approved a national nutrition policy aimed at preventing lifestyle diseases. The initiative focuses on promoting healthy eating habits and improving public health outcomes.