യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞു; വരും ദിവസങ്ങളിൽ മോശം കാലാവസ്ഥ തുടരുമെന്ന് അധികൃതർ

അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്

യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞു; വരും ദിവസങ്ങളിൽ മോശം കാലാവസ്ഥ തുടരുമെന്ന് അധികൃതർ
dot image

യുഎഇയില്‍ വരും ദിവസങ്ങളിലും മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ താപനിലയില്‍ പ്രകടമായ കുറവുണ്ടാകുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്ന് വരെ നിലവിലെ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി മോശം കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 40 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ഇത് പൊടിപടലങ്ങള്‍ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും.

അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച രാത്രിയോടെ പടിഞ്ഞാറന്‍ മേഖലകളിലും ദ്വീപുകളിലും ആകാശം മേഘാവൃതമാകും. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച പടിഞ്ഞാറന്‍ മേഖലകളില്‍ താപനില വീണ്ടും കുറയും.

വടക്ക് കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വാഹനം ഓടിക്കുന്നവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഴയുളള സമയങ്ങളില്‍ ശ്രദ്ദയോടെ വാഹനം ഓടിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

Content Highlights: Rain intensity has decreased in the UAE, but authorities warn that unstable weather conditions will continue in the coming days.

dot image
To advertise here,contact us
dot image