

യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. വരും മണിക്കൂറുകളിലും മഴയും കാറ്റും ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രവും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും അറിയിച്ചു.
തുടര്‍ച്ചയായ നാലാം ദിവസവും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ തുടങ്ങി വിവിധ എമിറേറ്റുകളില്‍ അതി ശക്തമായ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. രാവിലെ ആരംഭിച്ച മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പട്ടു. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെള്ളം നിറഞ്ഞതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയതായി ആര്‍ടിഎ അറിയിച്ചു.
കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തീവ ജാഗ്രത പാലിക്കണമെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി. താഴ്‌വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കണം. കടല്‍തീരങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്. വാഹനം ഓടിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. മഴയുള്ള സമയങ്ങളില്‍ വേഗത കുറക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ട് മുന്‍കൂട്ടി യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികളും കൂടുതല്‍ ശക്തമാക്കി. നാളെ വരെ മഴ തുടരുമന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക ചാനലുകള്‍ പിന്‍തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Heavy rain continues in the UAE with warnings of worsening weather in the coming hours. Authorities urge residents to stay alert and cautious.