

ബഹ്റൈനില്‍ ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ 14 പേരെ വിചാരണ ചെയ്യാന്‍ അറ്റോര്‍ണി ജനറലിന്റെ ഉത്തരവ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ മാപ്പുകളും ചിത്രങ്ങളുമാണ് പ്രതികള്‍ ഇറാന്‍ സേനക്ക് കൈമാറിയത്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബഹ്‌റൈനെതിരായ ആക്രമണങ്ങള്‍ ഇറാന്‍ ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇറാന്‍ സേനയായ റെവല്യൂഷണറി ഗാര്‍ഡുമായി ചേര്‍ന്ന് ഗൂഡാലേചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ 14 പേരെയും ക്രമിനല്‍ കോടതയില്‍ വിചാരണ ചെയ്യാനാണ് അറ്റോര്‍ണി ജനറലിന്റെ ഉത്തരവ്. രാജ്യത്തിനെതിരായ വിവരങ്ങള്‍ ചേര്‍ത്തുക, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈപ്പറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ ഇറാന്‍ സൈനിക ക്യാമ്പുകളില്‍ നിന്ന് നേരിട്ട് ആയുധ പരിശീലനം നേടിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. രാജ്യത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തന്ത്രപ്രധാന ഇടങ്ങളുടെയും ചിത്രങ്ങളും മാപ്പുകളും സ്ഥലവിവരങ്ങളും ഇറാന് ഇവര്‍ കൈമാറി.
രാജ്യത്തെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും മാപ്പുകളും എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴിയാണ് ഇറാന്‍ സേനക്ക് കൈമാറിയത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്ത്രി സൃഷ്ടിക്കുന്നതിനായി സമൂഹ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി വ്യാജവാര്‍ത്തകളും വീഡിയോകളും പ്രതികള്‍ പ്രചരിപ്പിച്ചു.
ഇറാന്റെ ആക്രമണങ്ങളെ പുകഴ്ത്തിയും രാജ്യത്തെ സൈനിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയുമുള്ള പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഇത്തരം നീക്കങ്ങളെ കര്‍ശനമായി നേരിടുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights: Bahrain to put 14 individuals on trial for alleged espionage for Iran. Accused suspected of involvement in intelligence activities