പ്രവാസികൾക്ക് ജീവിതത്തിന് മികച്ച ന​ഗരം ദുബായ്; കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ

കുടുംബങ്ങളുടെ ദുബായിലെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിനായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങളാണ് ജിഡിആര്‍എഫ്എ ഒരുക്കിയിരിക്കുന്നത്

പ്രവാസികൾക്ക് ജീവിതത്തിന് മികച്ച ന​ഗരം ദുബായ്; കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ
dot image

പ്രവാസികള്‍ക്ക് കുടുംബസമേതം ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി ദുബായ് മാറുന്നു. ദുബായിലേക്ക് കുടുംബമായി ചേക്കേറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി ജിഡിആര്‍എഫ്എയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും ദുബായിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2021 മുതല്‍ 2026-ലെ ആദ്യ പാദം വരെയുള്ള കാലയളവില്‍ ദുബായ് ജിഡിആര്‍എഫ്എ അനുവദിച്ച വിസകളുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

വിദഗ്ധ പ്രതിഭകളുടെ കുടുംബങ്ങള്‍ക്ക് 1,67,124-ലധികം റെസിഡന്‍സി വിസകളാണ് ഇക്കാലയളവില്‍ നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ കുടുംബങ്ങള്‍ക്ക് 1,00,286ലധികം റെസിഡന്‍സി വിസകളും ലഭ്യമാക്കി. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും കുടുംബങ്ങള്‍, നിക്ഷേപകരുടെ കുടുംബങ്ങള്‍, ജോലിയില്‍ നിന്ന് വിരമിച്ചവരുടെ കുടുംബങ്ങള്‍ എന്നീ മേഖലയിലെ വിസയിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ സംരംഭകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, മികച്ച വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും റെസിഡന്‍സി വിസ നല്‍കിയിട്ടുണ്ട്. ഇതില്‍ നിരവധി ഗോള്‍ഡന്‍ വിസയും ഉള്‍പ്പെടുന്നു.

കുടുംബങ്ങളുടെ ദുബായിലെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിനായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങളാണ് ജിഡിആര്‍എഫ്എ ഒരുക്കിയിരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള സന്ദര്‍ശന വിസകള്‍, കുടുംബാംഗങ്ങള്‍ക്കുള്ള റെസിഡന്‍സി വിസകള്‍ എന്നിവയ്ക്ക് പുറമെ നിരവധി സേവനങ്ങളും ലഭ്യമാക്കി വരുന്നു. പാസ്പോര്‍ട്ട് വിതരണവും പുതുക്കലും നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോര്‍ട്ടുകള്‍ക്ക് പകരം പുതിയത് നല്‍കല്‍, ഫാമിലി ബുക്ക് രേഖകളിലെ തിരുത്തലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍ തുടങ്ങിയവയെല്ലാം എഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വളരെ വേഗത്തിലാണ് ലഭ്യമാക്കുന്നത്.

കുടുംബമാണ് രാജ്യത്തിന്റെ അടിസ്ഥാനം' എന്ന ആശയത്തില്‍ ഊന്നി മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്ന് ജിഡിആര്‍എഫ്എ അധികൃതര്‍ വ്യക്തമാക്കി. വ്യക്തികളെയും കുടുംബങ്ങളെയും വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഒരു ആഗോള മാതൃകയാണ് ദുബായ് പിന്തുടരുന്നതെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Dubai emerges as one of the best cities for expatriates to live in, with statistics showing a steady rise in the number of families settling in the emirate.

dot image
To advertise here,contact us
dot image