

ആഗോള സാമ്പത്തിക രംഗത്ത് ചരിത്രനേട്ടവുമായി ദുബായ്. ലോകമെമ്പാടുമുള്ള സാമ്പത്തിക കേന്ദ്രങ്ങളില്‍ ഏഴാം സ്ഥാനമാണ് ദുബായ് സ്വന്തമാക്കിയത്. ആദ്യമായാണ് ഇത്രയും ഉയര്‍ന്ന റാങ്കിംഗില്‍ ഒരു മിഡില്‍ ഈസ്റ്റ് നഗരം ഇടംപിടിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഇസഡ് എന്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സൂചിക'യിലാണ് ദുബായുടെ നേട്ടം വ്യക്തമാക്കുന്നത്.
ലോകത്തെ മുന്‍നിര സാമ്പത്തിക നഗരങ്ങളായ ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍ എന്നിവയോടൊപ്പമാണ് ഇപ്പോള്‍ ദുബായുടെ സ്ഥാനമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 137 സാമ്പത്തിക കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ബിസിനസ് അന്തരീക്ഷം, മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ മികച്ച പ്രകടനമാണ് ദുബായ് കാഴ്ചവെച്ചത്.
ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ മുന്നേറ്റമാണ് ഈ നേട്ടത്തില്‍ നിര്‍ണായകമായത്. നിലവില്‍ 9,000-ത്തിലധികം കമ്പനികളും 50,000-ത്തിലധികം ജീവനക്കാരും ഡിഐഎഫ്സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ബാങ്കിംഗ്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളും തുണയായി. കേവലം ഒരു സാമ്പത്തിക കേന്ദ്രം എന്നതിലുപരി സാങ്കേതിക വിദ്യയിലും വലിയ മുന്നേറ്റമാണ് ദുബായ് കാഴ്ചവെക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്റ്‌സ് ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ദുബൈയിലുള്ള വിശ്വാസമാണ് ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടികാട്ടി. 2033ഓടെ ലോകത്തെ മികച്ച നാല് സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായി മാറുക എന്ന ലക്ഷ്യത്തിലക്കുള്ള ശക്തമായ ചുവടുവെയപ്പ് കൂടിയാണ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സൂചികയിലെ ദുബായുടെ ശ്രദ്ധേയമായ നേട്ടം.
Content Highlights: Dubai marks a historic milestone with a major leap in the global economy, strengthening its position as a leading financial and investment hub.