പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും നേട്ടവുമായി ദുബായ് എയർപോർട്ട്; തുണയായത് വേനൽക്കാല യാത്രക്കാർ

കഴിഞ്ഞ മൂന്ന് മാസങ്ങളിലും ദുബായ് വിമാനത്താവളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയ രാജ്യം ഇന്ത്യയാണ്

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും നേട്ടവുമായി ദുബായ് എയർപോർട്ട്; തുണയായത് വേനൽക്കാല യാത്രക്കാർ
dot image

പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധികളും സംഘർഷങ്ങളും വിമാന യാത്രകളെ സാരമായി ബാധിച്ചിട്ടും യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. വേനൽക്കാല അവധിക്കാലത്തെ യാത്രക്കാരുടെ വലിയ തിരക്കാണ് ദുബായ് വിമാനത്താവളത്തിന് ​ഗുണമായത്. 2026-ലെ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 5.04 കോടി (50.4 മില്യൺ) യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ മാത്രം 1.88 കോടി യാത്രക്കാർ ദുബായ് വഴി സഞ്ചരിച്ചു. 66 ലക്ഷം യാത്രക്കാർ എത്തിയ ഓഗസ്റ്റ് മാസമായിരുന്നു ഏറ്റവും തിരക്കേറിയത്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ 1.3 കോടി യാത്രക്കാരിൽ നിന്നാണ് അടുത്ത മൂന്ന് മാസങ്ങളിൽ 1.88 കോടിയിലേക്കുള്ള ഈ കുതിപ്പ്. ഏപ്രിലിൽ 35 ലക്ഷം, മെയിൽ 45 ലക്ഷം, ജൂണിൽ 50 ലക്ഷം എന്നിങ്ങനെയായിരുന്നു പ്രതിമാസ കണക്കുകൾ. വേനൽക്കാല അവധിക്ക് ശേഷം കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതും വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് കരുത്തായി. നിലവിൽ 101 രാജ്യങ്ങളിലെ 235 നഗരങ്ങളിലേക്ക് 57 വിമാനക്കമ്പനികളാണ് ദുബായിൽ നിന്ന് സർവീസ് നടത്തുന്നത്. ബ്രിട്ടീഷ് എയർവേയ്‌സ്, റോയൽ എയർ മറോക്ക്, സൺ എക്സ്പ്രസ്, സെബു പസഫിക് തുടങ്ങിയ പ്രമുഖ കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചതോടെ ഈ വർഷം ആകെ ഏഴ് കോടിയിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ് എയർപോർട്ട്സ് മേധാവി പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

മേഖലയിലെ സാഹചര്യങ്ങൾ കാരണം മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് മാസത്തെ ആകെ യാത്രക്കാരുടെ എണ്ണത്തിൽ 28.1 ശതമാനത്തിന്റെയും ചരക്ക് നീക്കത്തിൽ 23.2 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഓരോ മാസവും വിമാനത്താവളം ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.

Also Read:

കഴിഞ്ഞ മൂന്ന് മാസങ്ങളിലും ദുബായ് വിമാനത്താവളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയ രാജ്യം ഇന്ത്യയാണ്. 26 ലക്ഷം യാത്രക്കാരാണ് ഇന്ത്യയിൽ നിന്നെത്തിയത്. 14 ലക്ഷം യാത്രക്കാരുമായി സൗദി അറേബ്യ രണ്ടാമതും 13 ലക്ഷം യാത്രക്കാരുമായി യുകെ മൂന്നാമതുമാണ്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർദ്ധനവ് സുഗമമായി കൈകാര്യം ചെയ്യാൻ നിർമ്മിത ബുദ്ധി (AI), മുഖം തിരിച്ചറിയുന്ന അതിവേഗ പരിശോധനാ സംവിധാനങ്ങൾ എന്നിവയിലൂടെ വിമാനത്താവളത്തിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് ദുബായ് എയർപോർട്ട്സ് ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിലവിലുള്ള സൗകര്യങ്ങൾ പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാനും യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്ത അനുഭവം ഉറപ്പാക്കാനുമാണ് മുൻഗണന നൽകുന്നതെന്ന് പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

Content Highlights: Dubai International Airport (DXB) welcomed 50.4 million passengers between January and September 2026, despite disruptions caused by the Middle East crisis. Summer travel demand helped boost passenger numbers, with the airport handling 18.8 million travellers in the third quarter alone

dot image
To advertise here,contact us
dot image