

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്പ്രസും ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. ദുബായ് വിമാനത്താവളത്തിന് സമീപം ഇറാന്റെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് നടപടി. അതിനിടെ ദുബായ് അന്താരാഷ്ട്ര വിമനത്താവളത്തില്‍ നിന്ന് ഭാഗികമായ രീതിയില്‍ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സപ്രസും ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നത്.
യാത്രക്കാര്‍ക്ക് മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്ന യാത്രകാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കും. അതിനിടെ എയര്‍ ഇന്ത്യ എക്പ്രസ് അബുദാബി, റാസ് അല്‍ ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ച സര്‍വീസ് പിന്നീട് പുനരാരംഭിച്ചു.
എമിറേറ്റ്‌സ് എയര്‍ലൈനും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സൗദി അറേബ്യ ഒഴികെയുളള ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒമാന്‍ എയറും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലനിലെ സാഹചര്യത്തി വിമാനങ്ങളുടെ സമയങ്ങളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ വിമാനകമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫ്‌ളൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃര്‍ അറിയിച്ചു.
എയര്‍ലൈനില്‍ നിന്നും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കും. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്തിക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സും ദോഹയില്‍ നിന്ന് പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ നിന്ന് റോഡ് മാര്‍ഗം സൗദിയിലെ വിമാനത്താവളങ്ങളില്‍ എത്തി നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണവും ഖത്തറിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Flights to and from Dubai were cancelled for the second straight day, disrupting travel plans and causing major inconvenience for passengers.