പള്ളികളിലെത്തുന്ന വിശ്വാസികൾ പാർക്കിങ് സംവിധാനം കൃത്യമായി ഉപയോ​ഗിക്കണം; അഭ്യർത്ഥനയുമായി ഷാർജ പൊലീസ്

പള്ളികളിൽ പ്രാർത്ഥനാ സമയങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

പള്ളികളിലെത്തുന്ന വിശ്വാസികൾ പാർക്കിങ് സംവിധാനം കൃത്യമായി ഉപയോ​ഗിക്കണം; അഭ്യർത്ഥനയുമായി ഷാർജ പൊലീസ്
dot image

റമദാൻ പ്രാർത്ഥനയ്ക്കായി പള്ളികളിലെത്തുന്ന വിശ്വാസികൾ പാർക്കിങ് സംവിധാനം കൃത്യമായി ഉപയോ​ഗിക്കണമെന്ന നിർദ്ദേശവുമായി ഷാർജ പൊലീസ്. റമദാൻ മാസത്തിൽ യുഎഇയിലുടനീളമുള്ള പള്ളികളിൽ പ്രാർത്ഥനാ സമയങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, ഇതിനോടൊപ്പം തന്നെ ആവർത്തിച്ചുവരുന്ന ഒരു വെല്ലുവിളിയാണ് പള്ളികൾക്ക് ചുറ്റുമുള്ള അശാസ്ത്രീയമായ പാർക്കിംഗ്. ഇത് ഗതാഗത തടസ്സമുണ്ടാക്കുകയും അനാവശ്യമായ തിരക്കിന് കാരണമാവുകയും ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പള്ളികളുടെ പ്രവേശന കവാടങ്ങൾക്ക് മുന്നിലോ എക്സിറ്റ് റൂട്ടുകളിലോ (പുറത്തേക്കുള്ള വഴി) വാഹനങ്ങൾ തോന്നിയതുപോലെ നിർത്തുന്നത് ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഇത് മറ്റ് യാത്രക്കാരെ വൈകിപ്പിക്കുകയും പരിസരത്തെ റോഡുകളിൽ വലിയ കുരുക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിലുപരി, സെക്കന്റുകൾ പോലും വിലപ്പെട്ടതാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് പോലുള്ള അത്യാഹിത വിഭാഗം വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്താൻ ഇത്തരം പ്രവണതകൾ കാരണമായേക്കാം എന്നത് അതീവ ഗുരുതരമാണെന്നും ഷാർജ പൊലീസ് അറിയിച്ചു.

ഏതാനും മിനിറ്റുകൾ മാത്രമാണ് പള്ളികൾക്ക് ചുറ്റും വാഹനം പാർക്ക് ചെയ്യുന്നത്. എങ്കിലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. വാഹനങ്ങൾ വഴി തടസ്സപ്പെടുത്തുന്നത് അടിയന്തര സാഹചര്യങ്ങളുള്ള വ്യക്തികളെ വൈകിപ്പിക്കുമെന്നും പെട്ടെന്നുള്ള സഹായം ആവശ്യമുള്ള നേരത്ത് എമർജൻസി വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും അധികൃത‍ർ ഓർമിപ്പിച്ചു.

തിരക്കേറിയ പ്രാർത്ഥനാ സമയങ്ങളിൽ ഗതാഗതം സുഗമമായി നിലനിർത്തുന്നതിന് നിശ്ചിത പാർക്കിംഗ് സ്ഥലങ്ങൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഉത്തരവാദിത്തത്തോടുള്ള പാർക്കിംഗ് രീതികൾ, സമൂഹത്തിന്റെ അവബോധത്തെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരോടുള്ള പരിഗണനയെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlights: Sharjah Police urges worshippers to strictly follow designated parking systems at mosques to ensure smooth traffic flow and public safety.

dot image
To advertise here,contact us
dot image