

റമദാന്‍ മാസത്തില്‍ നേമ്പ് തുറക്കാന്‍ വീട്ടിലെത്താനുളള തിരക്കില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പൊലീസ് അറിയിച്ചു. നോമ്പ് തുറക്കുന്നതിന് മുമ്പുള്ള സമയങ്ങളില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അമിതവേഗത വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.
പകല്‍ മുഴുവന്‍ നീളുന്ന വ്രതം മൂലമുള്ള ശാരീരിക തളര്‍ച്ചയും നിര്‍ജ്ജലീകരണവും വാഹനം ഓടിക്കുന്നവരുടെ ഏകാഗ്രതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടികാട്ടി. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ അമിത വേഗതയും നിയമ ലംഘനവും ഒഴിവാക്കാനാകുമെന്നും പൊലീസ് വ്യക്തമാക്കി.
യാത്രയ്ക്കിടയിലാണ് ബാങ്ക് വിളിക്കുന്നതെങ്കില്‍ റോഡരികില്‍ വാഹനം സുരക്ഷിതമായി നിര്‍ത്തി കൈവശമുള്ള വെള്ളമോ ഈന്തപ്പഴമോ ഉപയോഗിച്ച് നോമ്പ് തുറന്ന ശേഷം ശാന്തമായി യാത്ര തുടരുന്നതാണ് ഉചിതമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏതാനും മിനിറ്റുകള്‍ വൈകിയാലും സുരക്ഷിതമായി വീട്ടിലെത്തുക എന്നതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.
നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ റോഡുകളില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ഇരുചക്ര വാഹനമങ്ങളുടെ നിയമ ലംഘനങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. ഇതിന് പുറമെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും.
Content Highlights: Sharjah Police are advising drivers to avoid speeding during Ramadan, emphasizing road safety and caution. The police have launched awareness campaigns, including a "Ramadan Traffic Safety" initiative, to reduce accidents and traffic violations.