

ഇന്ത്യയുടെ പാരമ്പര്യ ചികിത്സാ രീതികളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തുന്ന ആയുഷ് മേളക്ക് ദുബായില്‍ തുടരുന്നു. കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിനം തന്നെ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് മേളയില്‍ എത്തിയത്. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കിയാണ് മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദര്‍ശന മേളക്കും ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കം കുറിച്ചിരിക്കുന്നത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹകരണത്തോടെ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചാ, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
35 ലേറെ രാജ്യങ്ങളില്‍നിന്നുള്ള 1500 ലേറെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 31 അന്താരാഷ്ട്ര പ്രഭാഷകര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാതാക്കള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 45 ലേറെ പ്രദര്‍ശനസ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ആയുഷിനെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. ചൊവ്വാഴ്ച വരെ തുടരുന്ന മേളയില്‍ അരലക്ഷത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Indian traditional therapies at the forefront of the world; AYUSH fair continues in Dubai