

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിച്ചതിന് പിന്നാലെ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ദുബായ് മെട്രോയിലും ബസിലും യാത്രക്കാരുടെ വലിയ തിരക്കാണ് പ്രകടമാകുന്നത്. തിരക്ക് കൂടിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും ആര്‍ടിഎ പുറത്തിറക്കി.
ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പലരും സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണ്. ചെലവ് ചുരുക്കാന്‍ മെട്രോ-ബസ് സംവിധാനങ്ങളെ ആശ്രയിക്കുന്നതാണ് ഉചിതമെന്നാണ് ഇവര്‍ പറയുന്നത്. മെട്രോയില്‍ ഒരു വശത്തേയ്ക്ക് വെറും അഞ്ച് ദിര്‍ഹത്തിന് യാത്ര ചെയ്യാം. നിരവധി മേഖലകളിലേയ്ക്ക് മെട്രോ ലിങ്ക് ബസ് സര്‍വ്വീസുകളും ലഭ്യമാണ്.
ഗതാഗതക്കുരക്കില്‍ അകപ്പെടാതെ ചുരുങ്ങിയ സമയത്തിനുളളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം എന്നതും മെട്രോ പ്രിയപ്പെട്ട യാത്രാ മാര്‍ഗമായി മാറുന്നു. സാലിക്കും ഉയര്‍ന്ന ഇന്ധനവിലയും നല്‍കി ട്രാഫികില്‍ കാറില്‍ സഞ്ചിരിക്കുന്നതിലും നല്ലത് പൊതുഗതാഗത സംവിധാനമാണെന്നാണ് താമസക്കാരുടെ വിലയിരുത്തല്‍. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ദുബായ് മെട്രോയിലും ബസിലും തരിക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും ആര്‍ടിഎ പുറത്തിറക്കി.
മെട്രോയിലും ബസിലും കയറാന്‍ തിരക്ക് കൂട്ടുന്നതിന് മുമ്പ് ഇറാങ്ങാനുള്ള ആളുകള്‍ക്ക് വഴി നല്‍കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റുള്ളവരെ തള്ളാനോ ശല്യം ചെയ്യാനോ പാടില്ല. ഗർഭിണികള്‍ക്കും പ്രായമായവര്‍ക്കുമുള്ള മുന്‍ഗണനാസീറ്റുകള്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ഒന്ന് മുതലാണ് യുഎഇയയില്‍ ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്. പെട്രോള്‍ ലിറ്ററിന് 80 ഫില്‍സും ഡീസലിന് ഒരു ദിര്‍ഹം 97 ഫില്‍സുമാണ് വര്‍ദ്ധിപ്പിച്ചത്.
Content Highlights: Rising petrol and diesel prices in Dubai push commuters to rely more on public transport, increasing demand for metro and bus services.