ലക്ഷങ്ങൾ വിലയുള്ള സ്വർണം അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ് പ്രവാസി, പിന്നെ അത്ഭുതകരമായി തിരിച്ചുകിട്ടി

വലിയൊരു നഷ്ടം സംഭവിച്ചിട്ടും കാമിനി പൊലീസിൽ പരാതി നൽകിയിരുന്നില്ല

ലക്ഷങ്ങൾ വിലയുള്ള സ്വർണം അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ് പ്രവാസി, പിന്നെ അത്ഭുതകരമായി തിരിച്ചുകിട്ടി
dot image

അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞുകളഞ്ഞ സ്വർണം യുഎഇയ പ്രവാസിയുടെ കൈയ്യിൽ അത്ഭുതകരമായി തിരിച്ചെത്തി. 23 വർഷത്തോളം യുഎഇയിൽ താമസിക്കുകയും 2021-ൽ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്ത മുൻ ദുബായ് നിവാസി കാമിനി കണ്ണനാണ് ആ ഭാ​ഗ്യശാലി. അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കാമിനി കണ്ണൻ നഗരത്തിൽ എത്തിയത്. ജനുവരി അവസാന വാരത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളുണ്ടായ സമയമായിരുന്നു അത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തുകയും വില ക്രമാനുഗതമായി ഉയരുകയും ചെയ്തിരുന്നു. ഇതോടെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ താൻ സ്വർണത്തിൽ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ഒന്ന് പുനപരിശോധിക്കാൻ അവർ തീരുമാനിച്ചു.

സ്വർണം സൂക്ഷിച്ചിരുന്ന പഴയ പൗച്ച് കീറിത്തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട കാമിനി കണ്ണൻ, താത്കാലികമായി ആ സാധനങ്ങൾ മറ്റൊരു പൗച്ചിലേക്ക് മാറ്റി. എട്ട് ഗ്രാം വീതമുള്ള നാല് 22 കാരറ്റ് സ്വർണ്ണ നാണയങ്ങളും 50 ഗ്രാമിന്റെ ഒരു 24 കാരറ്റ് സ്വർണ്ണക്കട്ടിയുമാണ് അതിൽ ഉണ്ടായിരുന്നത്. ആ പൗച്ച് അവർ ഡൈനിംഗ് ടേബിളിൽ വെച്ചു. എന്നാൽ നിർഭാഗ്യവശാൽ, അന്നേ ദിവസം വൈകുന്നേരം വീട് വൃത്തിയാക്കുന്നതിനിടയിൽ ആരും ശ്രദ്ധിക്കാതെ ആ പൗച്ച് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു.

ഫെബ്രുവരി ഒന്നിന് രാവിലെയാണ്, അതായത് നാട്ടിലേക്ക് മടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ആ പൗച്ച് കാണാനില്ലെന്ന കാര്യം കാമിനി ശ്രദ്ധിക്കുന്നത്. തുടർന്ന് പരിഭ്രാന്തിയോടെ അത് തിരയാൻ തുടങ്ങി. തന്റെ മകൻ അബദ്ധത്തിൽ അത് എറിഞ്ഞുകളഞ്ഞതാണെന്ന് മനസ്സിലാക്കിയപ്പോൾ, അവർ വിവരം സെക്യൂരിറ്റി ഗാർഡിനെ അറിയിച്ചു. എങ്കിലും സ്വർണം തിരികെ കിട്ടുമെന്ന പ്രതീക്ഷ അവർ പൂർണമായും ഉപേക്ഷിച്ചിരുന്നു. ആ സ്വർണത്തിന് ഇന്ന് വിപണിയിൽ ഏകദേശം 50,000 ദിർഹത്തോളം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) വിലവരും.

വലിയൊരു നഷ്ടം സംഭവിച്ചിട്ടും കാമിനി പൊലീസിൽ പരാതി നൽകിയിരുന്നില്ല. ചവറ്റുകുട്ടയിൽ പോയിക്കഴിഞ്ഞാൽ പിന്നെ അത് പോയതുതന്നെ എന്നതായിരുന്നു അവരുടെ ചിന്ത. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം, ഫെബ്രുവരി നാലിന്, കാമിനിയുടെ മകൻ അഭിമന്യുവിന് ബിൽഡിംഗ് ഗാർഡിൽ നിന്ന് അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ വന്നു. കളഞ്ഞുപോയ സാധനങ്ങളെക്കുറിച്ച് ആരോ അന്വേഷിക്കുന്നുണ്ടെന്ന് ബിൽഡിം​ഗ് ​ഗാർഡ് പറഞ്ഞു. അത് പൊലീസായിരുന്നുവെന്ന് പിന്നീട് മനസിലായി.

ഫോൺ വന്ന ഉടൻ തന്നെ അഭിമന്യു ബിൽഡിംഗ് റിസപ്ഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥനെ കണ്ടു. ഒരു ശുചീകരണ തൊഴിലാളിക്ക് ചവറ്റുകൂനയിൽ നിന്ന് സ്വർണം ലഭിച്ചുവെന്നും അദ്ദേഹം അത് ഗോൾഡ് സൂഖിൽ എത്തിക്കുകയും ചെയ്തു. അവിടെ വെച്ച് പൊലീസ് ഇടപെടുകയും ഈ സാധനങ്ങൾ എവിടെ നിന്ന് ലഭിച്ചതാണെന്ന് തൊഴിലാളിയോട് ചോദിക്കുകയും ചെയ്തു. അത് ചവറ്റുകുട്ടയിൽ നിന്ന് കിട്ടിയതാണെന്ന് തൊഴിലാളി പൊലീസിനെ അറിയിച്ചു.

അന്ന് വൈകുന്നേരം നാല് മണിക്ക് അഭിമന്യൂവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. സ്വർണത്തിന്റെ ഫോട്ടോകളും ബില്ലുകളും അത് അമ്മയുടേതാണെന്ന് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കുക മാത്രമാണ് മകന് ചെയ്യേണ്ടി വന്നത്. അങ്ങനെ നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണം അഭിമന്യൂവിന് അത്ഭുതകരമായി തിരിച്ചുകിട്ടി.

Content Highlights:

dot image
To advertise here,contact us
dot image