300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കാൻ ദുബായ് ആർടിഎ

ഈ മാസം ഒമ്പതിനാണ് ആകര്‍ഷകമായ നമ്പര്‍ പ്ലേറ്റുകള്‍ക്കായുളള ലേലം ആരംഭിക്കുക

300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കാൻ ദുബായ് ആർടിഎ
dot image

ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 82-ാമത് ഓണ്‍ലൈന്‍ ലേലത്തിന്റെ ഭാഗമായി 300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നു. സ്വകാര്യ കാറുകള്‍, ക്ലാസിക് വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്കുള്ള നമ്പര്‍ പ്ലേറ്റുകളാവും ലേലത്തില്‍ അവതരിപ്പിക്കുക.

ഈ മാസം ഒമ്പതിനാണ് ആകര്‍ഷകമായ നമ്പര്‍ പ്ലേറ്റുകള്‍ക്കായുളള ലേലം ആരംഭിക്കുക. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ലേല നടപടികള്‍. 2, 3, 4, 5 അക്കങ്ങളുള്ള നമ്പര്‍ കോമ്പിനേഷനുകള്‍ ലേലത്തില്‍ അവതരിപ്പിക്കും. ഇതിന് പുറമെ എച്ച്, ഐ, കെ, എം, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് കോഡുകളിലുള്ള നമ്പര്‍ പ്ലേറ്റുകളും തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും.

ലേലത്തിലേക്കുള്ള രജിസ്‌ട്രേഷനും ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതേറിറ്റി തുടക്കം കുറിച്ചു. ദുബായില്‍ ട്രാഫിക് ഫയല്‍ ഉള്ള താമസക്കാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്കും 120 ദിര്‍ഹത്തിന്റെ രജിസ്ട്രേഷന്‍ ഫീസും അടക്കണം. ഉമ്മു റമൂല്‍, അല്‍ ബര്‍ഷ, ദേര എന്നിവിടങ്ങളിലെ ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയോ ആര്‍ടിഎ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

ലേലത്തില്‍ നമ്പര്‍ സ്വന്തമാക്കുന്നവര്‍ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും അടയ്ക്കണം. 50,000 ദിര്‍ഹം വരെയുള്ള തുകകള്‍ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നേരിട്ട് പണമായി നല്‍കാം. 50,000 ദിര്‍ഹത്തിന് മുകളിലുള്ള തുകകള്‍ ചെക്ക്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴിയോ ഓണ്‍ലൈനായോ അടക്കാനുളള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തുകക്ക് പുറമെ അഞ്ച് ശതമാനം വാറ്റും ബാധകമാണെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Content Highlights: Dubai’s Roads and Transport Authority (RTA) is set to offer 300 premium number plates for private cars, classic vehicles, and motorcycles in its 82nd online auction

dot image
To advertise here,contact us
dot image