

കേരളത്തിലെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന 'കത്തനാർ'. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരെ ഒരുപാട് ആകർഷിച്ച, വമ്പൻ ബജറ്റിലും ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രം, ഈ വർഷം റിലീസ് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനിടയിൽ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ കണ്ടതിൻ്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബ്ലോക്ക്ബസ്റ്റർ ചിത്രം 'സർവ്വം മായ'യുടെ സംവിധായകനായ അഖിൽ സത്യൻ.
'കത്തനാർ' സിനിമയുടെ ട്രെയ്‌ലർ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും അതു തനിക്ക് കാണാൻ സാധിച്ചുവെന്ന് അഖിൽ സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'കത്തനാറിൻ്റെ ട്രെയ്‌ലർ കാണാൻ സാധിച്ചു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണത്. അവിശ്വസനീയമായ ഒന്ന്. റോജിൻ തോമസിനെയും നീൽ ഡി കുഞ്ഞനെയും ഓർത്ത് അഭിമാനിക്കുന്നു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് നിങ്ങൾ മലയാള സിനിമയെ എത്തിച്ചിരിക്കുന്നു', എന്നാണ് അഖിൽ സത്യൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബ്രഹ്മാണ്ഡ ദൃശ്യവിസ്മയമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചന അഖിൽ സത്യൻ്റെ ആവേശം നിറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഒരിടവേളക്കു ശേഷം ജയസൂര്യയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ കാണാനുള്ള ആഗ്രഹം നിരവധി ആരാധകർ അഖിൽ സത്യൻ്റെ പോസ്റ്റിനു കീഴിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

സൂപ്പർഹിറ്റായ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' 75 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിൽ ഒന്നാണ് കത്തനാർ. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Akhil sathyan's words about jayasuriya film Kathanar trailer goes viral