'അത്ഭുത ബാലിക, ആരേയും അതിശയിപ്പിക്കുന്ന അഭിനയ ചാരുത': തരുണിയെ ഓര്‍മിച്ച് സംവിധായകന്‍ വിനയന്‍

വിനയന്റെ പോസ്റ്റിന് താഴെ തരുണിയെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്

'അത്ഭുത ബാലിക, ആരേയും അതിശയിപ്പിക്കുന്ന അഭിനയ ചാരുത': തരുണിയെ ഓര്‍മിച്ച് സംവിധായകന്‍ വിനയന്‍
dot image

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വെള്ളിനക്ഷത്രത്തിലും സത്യത്തിലും പ്രധാന ബാലതാരമായി എത്തിയ തരുണിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. പൃഥ്വിരാജ് നായകനായ ഈ രണ്ട് ചിത്രങ്ങളും അതിശയിപ്പിക്കുന്ന അഭിനയമാണ് കുഞ്ഞു തരുണി കാഴ്ചവെച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരേവര്‍ഷമാണ് ഇരുചിത്രങ്ങളിലും തരുണി അഭിനയിച്ചത്. പതിനാല് വയസ് മാത്രം പ്രായമുള്ളപ്പോള്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാന അപകടത്തിലാണ് തരുണിയും അമ്മ ഗീതയും മരിച്ചത്. വിനയന്റെ പോസ്റ്റിന് താഴെ തരുണിയെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ :
ഓര്‍മ്മപ്പൂക്കള്‍..??
നാലു വയസ്സുള്ളപ്പോഴാണ് തരുണി മോള്‍ ''വെള്ളിനക്ഷത്രം ''എന്ന എന്റെ സിനിമയില്‍ അഭിനയിക്കുന്നത്..ആ വര്‍ഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പ്രഥ്വിരാജായിരുന്നു നായകന്‍..ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോള്‍ 2012 ല്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാന അപകടത്തില്‍ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു..

പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തരുണി സച്ച്‌ദേവ് വ്യവസായിയായ ഹരീഷ് സച്ച്‌ദേവിന്റെയും ഗീതയുടെയും മകളായി 1998 മെയ് 14ന് മുംബൈയിലാണ് ജനിച്ചത്. 2012 മെയ് 14ന് നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസോം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അഗ്നി എയര്‍ ഡോണിയര്‍ 228 എന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വിമാനം തകര്‍ന്നായിരുന്നു മരണം. കരിഷ്മ കപൂറിനൊപ്പം രസ്‌നയുടെ പരസ്യത്തില്‍ അഭിനയിച്ച തരുണിയെ രസ്‌ന ഗേള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ ആര്‍ ബാല്‍ക്കി പാ എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തമിഴ് ത്രില്ലറായ വെട്രി സെല്‍വനിലാണ് അവസാനമായി തരുണി അഭിനയിച്ചത്.

Content Highlights: Vinayan, malayalam film director remembered Taruni Sachdev

dot image
To advertise here,contact us
dot image