സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ വീണ്ടും നീട്ടി; 15 ദിവസത്തേക്ക് നീട്ടിയത് സര്‍ക്കാര്‍ നേരിട്ട്

സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി കെ നിഷാദ് 536 വോട്ടിനാണ് വാര്‍ഡില്‍നിന്നും വിജയിച്ചത്

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ വീണ്ടും നീട്ടി; 15 ദിവസത്തേക്ക് നീട്ടിയത് സര്‍ക്കാര്‍ നേരിട്ട്
dot image

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിച്ച സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ മൂന്നാം തവണയും നീട്ടി. 15 ദിവസത്തേക്ക് കൂടിയാണ് പരോള്‍ നീട്ടിയത്. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരിട്ടാണ് ജനുവരി 26 വരെ നൗഷാദിന്‍റെ പരോള്‍ നീട്ടിയത്. ജനുവരി 11 വരെയായിരുന്നു പരോള്‍ അനുവദിച്ചിരുന്നത്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ഒരുമാസം മാത്രമാണ് ജയിലിൽ കിടന്നത്.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുവരെയും വി കെ നിഷാദും തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് 37ാം വാര്‍ഡായ കൊമ്മല്‍വയലില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച യു പ്രശാന്തും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ലെന്ന് നഗരസഭാ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇരുവരെയും കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. സത്യപ്രതിജ്ഞാദിനം ഇരുവരും ജയിലിലായിരുന്നു.

വി കെ നിഷാദ് 536 വോട്ടിനാണ് വാര്‍ഡില്‍നിന്നും വിജയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറികൂടിയായ നിഷാദിനെതിരെ 20 വര്‍ഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു വിധിവന്നത്. അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിന്‍വലിക്കാനുള്ള അവസാനദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ അധികൃതര്‍ക്കിടയിലടക്കം ആശയകുഴപ്പമുള്ളതിനാല്‍ സത്യപ്രതിജ്ഞയെ കുറിച്ച് ആലോചിച്ചിരുന്നില്ല. കേസില്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ട തിയതി മുതല്‍ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷന്‍ പ്രഖ്യാപിക്കുകയും ചെയ്തേക്കും.

സിപിഐഎം പ്രവര്‍ത്തകന്റെ വീട് ആക്രമിക്കാനും കൊലപ്പെടുത്താനും ശ്രമിച്ചെന്ന കേസാണ് ബിജെപിയുടെ യു പ്രശാന്തിന് കുരുക്കായത്. തലശേരി അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷവും ആറ് മാസം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കേസില്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പാണ് പ്രശാന്ത് ജയിലിലായത്. 616 വോട്ടിനായിരുന്നു പ്രശാന്തിന്റെ വിജയം.

Content Highlights: CPIM councillor VK Nishad parole extended

dot image
To advertise here,contact us
dot image