

ദുബായ് നഗരത്തിന്റെ സുരക്ഷത്വത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ യുവാവ് ലവ്കേഷ് സോളങ്കി. പൊതുസ്ഥലങ്ങളിൽ അർദ്ധ രാത്രിയിലും ഷട്ടറുകളും പൂട്ടുകളുമില്ലാതെ തുറന്നിരിക്കുന്ന കെട്ടിടങ്ങൾ കാണാമെന്ന് യുവാവ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. ഇവിടെ നിന്നും ആരും ആരുടെയും വസ്തുക്കൾ മോഷ്ടിക്കുകയില്ലെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നു.
അർദ്ധ രാത്രിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിലാണ് സോളാങ്കി ദുബായ് നഗരത്തിന്റെ സുരക്ഷയെക്കുറിച്ച് വീഡിയോ റെക്കോർഡ് ചെയ്തത്. 'ഈ കെട്ടിടങ്ങൾക്ക് ഡോറുകളോ ലോക്കുകളോ ഇല്ല. ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യില്ല. ഈ ആത്മവിശ്വാസം ഇവിടുത്തെ കർശനമായ നിയമങ്ങൾ കാരണമാണ്. ആരെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ടുപോകുമോ എന്ന് ആളുകൾക്ക് വിഷമിക്കേണ്ട ക്രാര്യമില്ല. ഇത്രയും വലിയ സുരക്ഷ ലഭിക്കുന്നത് ജീവിതത്തിൽ വലിയ സമാധാനത്തിന് കാരണമാകും.' സോളങ്കി തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പ്രതികരിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ദുബായിലെ സുരക്ഷിത്വത്തെക്കുറിച്ച് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമാകില്ലെന്നാണ് അവർ വീഡിയോയിൽ പറയുന്നു.
'കൂട്ടുകാരേ, സമയം ഇപ്പോൾ പുലർച്ചെ 2.37 ആണ്, ഞാൻ തനിച്ച് റോഡിലൂടെ നടക്കുകയാണ്. ഇത് ലോകത്ത് ഒരിടത്ത് മാത്രമെ സാധ്യമാകൂ. അത് ദുബായിലാണ്. ഹബീബി കം ടു ദുബായ്, ഇവിടെ സ്ത്രീകൾക്ക് വളരെ സുരക്ഷിതമാണ്,' തൃഷ രാജ് വീഡിയോയിൽ പറയുന്നു.
വീഡിയോ പങ്കുവെച്ചുകൊണ്ട് തൃഷ രാജ് ഇങ്ങനെ എഴുതി, 'ഇന്ത്യയിൽ ഒരു പെൺകുട്ടിയായി വളർന്നപ്പോൾ എനിക്ക് എപ്പോഴും പരിമിതികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുന്ന കാര്യത്തിൽ. സുരക്ഷിതത്വം തോന്നാൻ ഞങ്ങൾക്ക് സഹോദരന്മാരെയോ പുരുഷ സുഹൃത്തുക്കളെയോ കൂടെ കൂട്ടേണ്ടിയിരുന്നു. എന്നാൽ ദുബായിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.'
'കഴിഞ്ഞ ദിവസവും രാത്രി, 2.37-ന് ഞാൻ തനിച്ചു നടന്നു. എൻ്റെ നാട്ടിൽ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്. എനിക്കൊരു ഭയവും തോന്നിയില്ല, തലതാഴ്ത്തി നടന്നില്ല! എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. പെൺകുട്ടികളെ, നിങ്ങൾ ഭയമില്ലാതെ രാത്രി ആസ്വദിച്ച് ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദുബായ് നിങ്ങൾക്ക് അത് നൽകും,' അവർ വ്യക്തമാക്കി.
Content Highlights: Dubai without locks at 12 am, Indian man praises city's safety