

ഇന്‍ഡിഗോ എയര്‍ലൈന്‍ വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്. 30 ശതമാനം വരെയാണ് വിമാന കമ്പനികള്‍ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. ഇന്‍ഡിഗോ വിമാനങ്ങളുടെ വൈകലും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു.
ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിന് പിന്നാലെ ടിക്കറ്റ് നിരക്കില്‍ ഇപ്പോള്‍ വലിയ വര്‍ദ്ധനവാണ് വിമാന കമ്പനികള്‍ വരുത്തിയിരിക്കുന്നത്. ശൈത്യതകാല അവധിക്കായി യുഎഇയിലെ സ്‌കൂളുകള്‍ അടച്ചതോടെ ഉണ്ടായ യാത്രക്കാരുടെ വര്‍ദ്ധനവും മുതലെടുക്കുകയാണ് എയര്‍ലൈനുകള്‍. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കില്‍ 25 മുതല്‍ 30 ശതമാനം വരെയാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതല്‍ 25 ശതമാനം വരെയും നിരക്ക് വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്കുള്ള നിരക്കില്‍ 30 ശതമാനം വര്‍ദ്ധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളില്‍ യഥാക്രമം 28, 26, 22 ശതമാനം വരെയാണ് വര്‍ദ്ധനവ്.
കുടുബത്തോടെപ്പം യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ദ്ധന കൂടുതല്‍ ബാധിക്കുന്നത്. ദുബായില്‍ നിന്ന് നാട്ടിലേക്ക് പോയ ഒരാള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന്റെ തലേദിവസമായ ജനുവരി നാലിന് തിരിച്ചെത്താന്‍ ശരാശരി 2,500 ദിര്‍ഹം നല്‍കണം. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയയ്യുമ്പോള്‍ 61,000ത്തിലധികം രൂപ വരുമിത്. നാലംഗം കുടുംബത്തിന് കൊച്ചിയില്‍ നിന്ന് ദുബായില്‍ എത്തണമെങ്കില്‍ രണ്ടര ലക്ഷത്തോളം രൂപ നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഓരോ എയര്‍ലൈനും സെക്ടറും അനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാകും. യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്നത് വര്‍ധിച്ചതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമായതായും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
കേരള, ഡല്‍ഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്കില്‍ ഏറ്റവും അധികം വര്‍ദ്ധനവ്. ഇന്‍ഡിഗോയുടെ അപ്രതീക്ഷിത റദ്ദാക്കല്‍ മൂലം നിരവധി പ്രവാസികളുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. പ്രതിസന്ധി സാധാരണ നിലയിലാകുംവരെ വിമാനങ്ങളുടെ സമയങ്ങളില്‍ കാലതാമസം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്‍ഡിഗോയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമായലാല്‍ ജനുവരി അവസാനത്തോടെ നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
Content Highlights: UAE-India airfares surge due to IndiGo cancellations