

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട കോടതി നടപടിക്കെതിരെ എഴുത്തുകാരി സാറാ ജോസഫ്. കോടതിവിധി തള്ളിക്കളയുന്നുവെന്നും ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവൾ. പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണതെന്നും സാറാ ജോസഫ് കുറിച്ചു.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും സാറാ ജോസഫ് പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം……
ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!
വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം! തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹലോ, ആ നിമിഷം ജയിച്ചതാണവൾ!
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവൾക്കൊപ്പം.
കോടതിവിധി തള്ളിക്കളയുന്നു.
കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പറഞ്ഞത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.
വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികൾ ഇനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.
Content Highlights: Sara Joseph says she rejects actress attack case court verdict