

ദേശീയ ദിനാഘോഷ നിറവില്‍ യുഎഇ. 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം നടക്കുന്നത്. ദേശീയ ദിനത്തില്‍ യുഎഇയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഭരാണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു. യുഎഇയുടെ 54-ാമത് ദേശീയ ദിനം ആഘോഷമാക്കുകയാണ് യുഎഇയിലെ പൗരന്മാരും താമസക്കാരും.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദേശീയ ദിനങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ദീപാലങ്കാരങ്ങളാള്‍ തിളങ്ങുകയാണ് രാജ്യം മുഴുവന്‍. ദേശീയ ഐക്യം, കൂട്ടായ്മയുടെ കരുത്ത്, ചൈതന്യം എന്നിവ പ്രതിഫലിപ്പിക്കുന്ന നിറങ്ങളില്‍ നഗരവീഥികള്‍ അലങ്കരിച്ചിരിക്കുന്നു. 54 വര്‍ഷത്തെ അടയാളപ്പെടുത്തുന്ന 54 രൂപങ്ങളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിച്ചതിനാല്‍ പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമാണ്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, കെ.എം.സി.സി തുടങ്ങി വിവിധ പ്രവാസി കൂട്ടായമകളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ഇന്നലെ ആരംഭിച്ച ആഘോഷ പരിപാടികള്‍ നാളെ വരെ നീണ്ടു നില്‍ക്കും. പുലര്‍ച്ചെ ഒരു മണി വരെ നീളുന്നതാണ് ഇവിടുത്തെ ആഘോഷങ്ങള്‍. ദുബായ് ഗ്ലോബല്‍ വില്ലജ് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള വ്യത്യസ്ത പരിപാടികള്‍ ഒരുക്കിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്.
ദുബായ് അല്‍ ഖവാനീജ്, ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളിലെ ആഘോഷ വേദികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖര്‍ അണി നിരക്കുന്ന കലാ പ്രകടനങ്ങളും വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നു. ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍, സഫാരി പാര്‍ക്ക്, മോഷന്‍ഗേറ്റ് അമ്യൂസ്മെന്റ് പാര്‍ക്ക്, ദേശീയ ചരിത്രം മ്യൂസിയം, റിവര്‍ലാന്‍ഡ് ദുബായ് തുടങ്ങിയ വിവിധ വിനോദ കേന്ദ്രങ്ങള്‍ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ്ദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ദേശീയ ദിനാശംസകള്‍ നേര്‍ന്നു.
Content Highlights: UAE in full swing for National Day celebrations