

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവൽ. സിനിമയിൽ വിനായകൻ പൊലീസ് വേഷത്തിലാണ് എത്തുന്നത്. യഥാർത്ഥ ജീവിതത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ നടനാണ് ജിബിൻ ഗോപിനാഥ്. സിനിമയിൽ വിനായകൻ പൊലീസിന്റെ ബോഡി ലാംഗ്വേജ് ചെയ്യുന്നത് കണ്ട് അതിശയിച്ചെന്നും ഇത് എങ്ങനെയാണ് പഠിച്ചതെന്ന് ചോദിച്ചപ്പോൾ വിനായകൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. താൻ സെൻട്രൽ സ്റ്റേഷനിൽ കയറിട്ടുണ്ടെന്നും അവിടുന്നാണ് പൊലീസുകാരുടെ ബോഡി ലാംഗ്വേജ് പഠിച്ചതെന്നും വിനായകൻ പറഞ്ഞു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പുള്ളി ശരിയ്ക്കും കള്ളനാണ്. വർക്ക് ചെയ്യുന്നത് പൊലീസിൽ ആണെന്ന് മാത്രമേയുള്ളു മനസ് മുഴുവൻ കള്ളന്റെ സ്വഭാവം ആണ്. ജോലിയും കളഞ്ഞാണ് സിനിമയിൽ വന്നിരിക്കുന്നത്. ഞാൻ ആദ്യമായി സിനിമയുടെ സെറ്റിലാണ് ഇദ്ദേഹത്തെ കാണുന്നത്, മിടുക്കനാണ്. ഫുൾ ടൈം എന്റെ കൂടെ ആയിരുന്നു. ചില സീക്വൻസിൽ പുള്ളി പൊലീസിൽ ആണല്ലോ, ഞാൻ കള്ളനും. അപ്പോൾ എന്നോട് പുള്ളി ചോദിക്കും ചേട്ടൻ ഇതെങ്ങനെ പൊലീസിന്റെ ബോഡി ലാംഗ്വേജ് പഠിച്ചുവെന്ന്. ഞാൻ സെൻട്രൽ സ്റ്റേഷനിൽ കയറിയിട്ടുണ്ട്, അതുകൊണ്ട് എനിക്ക് അറിയാം എന്ന് പറഞ്ഞു. അവിടെ നിന്ന് പഠിച്ചതാണെന്ന് പറഞ്ഞു. സിവിൽ ഡ്രെസ്സിൽ സല്യൂട്ട് ചെയ്യാൻ പറ്റില്ല അതൊക്കെ ഞാൻ അവിടുന്ന് പഠിച്ചതാണ്. ഞാൻ സെൻട്രൽ സ്റ്റേഷന്റെ പ്രോഡക്റ്റ് ആണ്.

സിനിമയിൽ പൊലീസ് വേഷങ്ങൾ ചെയ്യുന്നവർ കാണിക്കുന്ന ചെറിയ തെറ്റുകളെ കുറിച്ച് ജിബിൻ ഗോപിനാഥ് പറയുകയുണ്ടായി. 'മഫ്തിയിൽ നിൽകുമ്പോൾ എങ്ങനെ സല്യൂട്ട് ചെയ്യണം യൂണിഫോമിൽ നിൽകുമ്പോൾ എങ്ങനെ ചെയ്യണം എന്നത് വിനായകൻ ചേട്ടന് പറഞ്ഞു കൊടുക്കാം എന്ന് കരുതിയിരുന്നു. പക്ഷെ പുള്ളി എന്നെ ഞെട്ടിച്ചു. എല്ലാം കൃത്യമായി ചെയ്തു'. ജിബിൻ പറഞ്ഞു.
ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
ഡിസംബർ അഞ്ചിനാണ് സിനിമ പുറത്തിറങ്ങുന്നത്. അഡ്വാൻസ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് സൂചന.
Content Highlights: Vinayaka says he learned the body language of police officers from the Central Station