മെട്രോ യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ട!; ആദ്യഘട്ട ടെന്‍ഡര്‍ പ്രഖ്യാപിക്കാൻ ബഹ്റൈൻ

മെട്രോ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്

മെട്രോ യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ട!; ആദ്യഘട്ട ടെന്‍ഡര്‍ പ്രഖ്യാപിക്കാൻ ബഹ്റൈൻ
dot image

ബഹ്റൈനിലെ താമസക്കാര്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല. മെട്രോയുടെ ആദ്യഘട്ട ടെന്‍ഡര്‍ ഉടന്‍ പ്രഖ്യാപിക്കും. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ട പദ്ധതി. ബഹ്‌റൈനില്‍ മെട്രോ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ ആദ്യഘട്ട ടെന്‍ഡര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് ആല്‍ ഖലീഫ വ്യക്തമാക്കി. 29 കിലോമീറ്റര്‍ ദൂരത്തിലാകും മെട്രോ സജ്ജമാക്കുക. രണ്ട് ലൈനുകളിലായി ഇരുപത് സ്റ്റേഷനുകള്‍ ഇതില്‍ ഉണ്ടാകും.

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യ പാത. ജുഫൈര്‍, ഡിപ്ലോമാറ്റിക് ഏരിയ, സല്‍മാനിയ എന്നിവിടങ്ങളിലൂടെ കടന്നുപോയി ഈസ ടൗണ്‍ എജുക്കേഷനല്‍ മേഖലയില്‍ അവസാനിക്കുന്നതാണ് രണ്ടാമത്തെ ലൈന്‍. ടെന്‍ഡറുകള്‍ പുറപ്പെടുവിച്ചശേഷം അന്താരാഷ്ട്ര കണ്‍സോഷ്യങ്ങളുമായി വീണ്ടും ചര്‍ച്ച ചെയ്യുകയും അന്തിമ ടെന്‍ഡര്‍ നല്‍കുന്നതിന് മുമ്പ് കൂടുതല്‍ താല്‍പര്യപത്രങ്ങള്‍ ക്ഷണിക്കുകയും ചെയ്യുമെന്നും ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രി വ്യക്തമാക്കി.

മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതിന് പിന്നാലെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ഏഴു വര്‍ഷം മുന്‍പാണ് ബഹ്റൈന്‍ റെയില്‍ മെട്രോയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് മോണോ റെയില്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടന്നു വരികയാണെന്നും ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് ആല്‍ ഖലീഫ പറഞ്ഞു. ജിസിസി റെയില്‍ ലിങ്കുകളുമായുള്ള സംയോജനത്തിന് രാജ്യം മുന്‍ഗണന നല്‍കയണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2030 ഡിസംബറോടെ ജിസിസി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ പ്രാദേശിക കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ബഹ്റൈന്‍-ഖത്തര്‍ കോസ്വേ പദ്ധതി പുനരുജ്ജീവിപ്പിച്ചതായും മന്ത്രി പറഞ്ഞു. കോസ്വേയുമായി റെയില്‍ ശൃംഖലയും ബന്ധിപ്പിക്കും. ഇത് രാജ്യത്തെ ലോജിസ്റ്റിക് മേഖലയില്‍ വലിയ പുരോഗതിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് പ്രാദേശിക റെയില്‍ പദ്ധതി സംബന്ധിച്ച ഗള്‍ഫ് കരാറുകള്‍ ആയിരിക്കുമെന്നും ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് ആല്‍ ഖലീഫ വ്യക്തമാക്കി.

Content Highlights: Bahrain residents no longer have to wait long to travel by metro

dot image
To advertise here,contact us
dot image