സൂപ്പർ ലീഗ് കേരള; തൃശൂരിനെ തോൽപ്പിച്ചു; സെമി സാധ്യത നിലനിർത്തി കണ്ണൂർ

തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കണ്ണൂർ വാരിയേഴ്‌സ് സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തിയത്

സൂപ്പർ ലീഗ് കേരള; തൃശൂരിനെ തോൽപ്പിച്ചു; സെമി സാധ്യത നിലനിർത്തി കണ്ണൂർ
dot image

സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനൽ കളിക്കാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഉണ്ടാവുമോ? ഉത്തരത്തിനായി കാത്തിരിക്കണം. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കണ്ണൂർ വാരിയേഴ്‌സ് സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തിയത്. നിർണായക മത്സരത്തിലെ ഗോളുകൾ പിറന്നത് ക്യാപ്റ്റൻ അസിയർ ഗോമസ്, എബിൻദാസ് എന്നിവരുടെ ബൂട്ടുകളിൽ നിന്ന്.

10 കളികളിൽ 13 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് സെമി ഫൈനൽ യോഗ്യതക്കായി രണ്ട് സാധ്യതകളാണുള്ളത്. ബുധനാഴ്ച തിരുവനന്തപുരം കൊമ്പൻസ്, കാലിക്കറ്റ്‌ എഫ്സിയോട് പരാജയപ്പെടുക. അല്ലെങ്കിൽ, വ്യാഴായ്ച മലപ്പുറം എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുക. ഈ രണ്ട് സാധ്യതകളിൽ ഒന്ന് സംഭവിച്ചാൽ മാത്രമേ കണ്ണൂരിന് അവസാന നാലിൽ ഇടം ലഭിക്കൂ.

അരഡസനിലേറെ മാറ്റങ്ങളുമായി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ തൃശൂരിനെതിരെ പത്താം മിനിറ്റിൽ കണ്ണൂരിന് മികച്ച അവസരം ലഭിച്ചു. മനോജ്‌ നൽകിയ ക്രോസിന് അസിയർ ഗോമസ് ഉയർന്നുചാടി തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പന്ത് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. കണ്ണൂർ നായകൻ അഡ്രിയാൻ സെർഡിനറോ പതിനാലാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഷിജിൻ. കളത്തിലെത്തിയ ഉടനെ ഷിജിൻ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്യപ്പെട്ടെങ്കിലും റഫറി വിസിൽ മുഴക്കിയില്ല.

മുപ്പത്തിയൊന്നാം മിനിറ്റിൽ മുഹമ്മദ്‌ അഫ്സലിനെ ഫൗൾ ചെയ്ത കണ്ണൂരിന്റെ വികാസ് മഞ്ഞക്കാർഡ് കണ്ടു. പിന്നാലെ തൃശൂരിന്റെ ബിബിൻ അജയനും മഞ്ഞശിക്ഷ ലഭിച്ചു. നാൽപ്പത്തിരണ്ടാം മിനിറ്റിൽ കണ്ണൂർ സ്കോർ ചെയ്തു. വലതുവിങിൽ നിന്ന് ഷിജിൻ നീട്ടിയ പാസ് സിനാൻ, അസിയർ ഗോമസിന് നൽകി. സ്പാനിഷ് താരം ഫസ്റ്റ്ടൈം ഷോട്ടിലൂടെ ഗോളാക്കി മാറ്റി (1-0). ആദ്യപകുതി കണ്ണൂരിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂർ ഇവാൻ മാർക്കോവിച്ച്, നവീൻ കൃഷ്ണ, ഫൈസൽ, ജിയാദ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റിൽ കണ്ണൂരിന് വീണ്ടും അവസരം. ഷിജിന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. അസിയർ ഗോമസിനെ പിൻവലിച്ച കണ്ണൂർ ആസിഫിനെ കൊണ്ടുവന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ലൂയീസിന്റെ പാസിൽ എബിൻദാസ് കണ്ണൂരിനായി രണ്ടാം ഗോളും നേടി (2-0). 6826 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

നാളെ പത്താം റൗണ്ടിലെ രണ്ടാം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. സമനിലയെങ്കിലും നേടാനായാൽ കൊമ്പൻസ് സെമിയിൽ കയറുന്ന മൂന്നാമത്തെ ടീമാവും. കാലിക്കറ്റ്‌ നേരത്തെ തന്നെ സെമിയിൽ ഇടമുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരത്തിന്റെ കിക്കോഫ്.

Content Highlights:Thrissur Magic FC 0 - 2 Kannur Warriors FC

dot image
To advertise here,contact us
dot image