
ലോകത്താദ്യമായി നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ദുബായിൽ ആരംഭിക്കുന്നു. സെപ്റ്റംബറിൽ ബുർജ് ഖലീഫയ്ക്ക് സമീപമാണ് ഭാവിയിലെ ഭക്ഷണം എന്ന ആപ്തവാക്യത്തോടെ എഐ അധിഷ്ഠിത ഭക്ഷണശാല തയ്യാറാകുന്നത്. വൂഹൂ എന്ന റസ്റ്റോറന്‍റിൽ ഷെഫ് ഐമാൻ എന്ന പേരിലാണ് എഐ ഷെഫിനെ അവതരിപ്പിക്കുക. എഐ, മാൻ എന്നീ വാക്കുകളിൽ നിന്നാണ് ഷെഫ് ഐമാൻ എന്ന പദം വന്നത്.
എഐ ഷെഫിന് സാധാരണ ഷെഫുമാരുടേത് പോലെ രണ്ട് നിരകളിലായി ബട്ടണുകളുള്ള ജാക്കറ്റോ, കറുപ്പും വെളുപ്പും ഇടകലർന്ന ചെറു ചതുരാകൃതിയിൽ ഡിസൈൻ ഉള്ള പാന്‍റസോ, വെള്ളത്തൊപ്പിയോ ഉണ്ടായിരിക്കില്ല. ഭക്ഷണം രുചിക്കാനോ, മണക്കാനോ അല്ലെങ്കിൽ വിഭവങ്ങളുമായി ഇടപഴകാനോ ഷെഫ് ഐമന് കഴിയില്ല. എന്നാൽ ഏത് രുചിക്കൂട്ടുകളും അനായാസം ഒരുക്കാനുള്ള കഴിവ് ഈ ഷെഫിനുണ്ട്.
റസ്റ്റോറന്റിൽ ഭക്ഷണം തയ്യാറാക്കുന്നത് മനുഷ്യരായിരിക്കും. എന്നാൽ പാചകക്കുറിപ്പുകൾ തയ്യാറാക്കാനും അടുക്കള പ്രവർത്തനങ്ങളിൽ സഹായിക്കാനും മെനു ക്രമീകരിക്കാനും ഐമാന് കഴിയും. ഷെഫുമാരെ ഒഴിവാക്കാനല്ല, മറിച്ച് അവരുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അവരെ സഹായിക്കാനുമാണ് ഐമാനെ നിയോഗിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം മനുഷ്യർ ഉറപ്പുവരുത്തിയ ശേഷം മാത്രമെ ആവശ്യക്കാരിലേക്ക് എത്തിക്കൂവെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: New Dubai restaurant with AI chef to open in September