
ആരാധകർ നിരവധിയുള്ള സംഗീത സംവിധായകനും ഗായകനുമാണ് ഗോവിന്ദ് വസന്ത. തമിഴിലും മലയാളത്തിലുമായി ഇദ്ദേഹം നിരവധി ഗാനങ്ങൾ ആരാധകർക്കായി നൽകിയിട്ടുണ്ട്. 96 എന്ന സിനിമയിലെ അദ്ദേഹത്തിൻ്റെ മ്യൂസിക്കിന് ആരാധകർ ഏറെയാണ്. ഗോവിന്ദ് മേനോൻ എന്ന പേര് ഗോവിന്ദ് വസന്ത എന്നാക്കിയതിന്റെ കാരണം ചോദിച്ച അവതാരകയ്ക്ക് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒറിജിനൽസ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഗോവിന്ദ് മേനോന്‍ എന്നുള്ള നല്ലൊരു പേര് ഗോവിന്ദ് വസന്ത എന്നാക്കിയത് എന്തിനാണ് എന്നായിരുന്നു അവതാരികയുടെ ചോദ്യം. 'വസന്ത എന്റെ അമ്മയുടെ പേരാണ്. ഞാന്‍ കടമെടുത്തതല്ല. ഫാന്‍സിയാക്കാന്‍ വേണ്ടി ചേര്‍ത്തതല്ല. അമ്മയുടെ പേരാണ്. എന്റെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്തുവെക്കണ്ട എന്നു കരുതി ചെയ്തതാണ്. അത് എന്റെ തീരുമാനമാണ്' എന്നാണ് ഗോവിന്ദ് ഇതിന് മറുപടി നൽകുന്നത്.
വിക്കിപീഡിയയിൽ ഗോവിന്ദ് മേനോൻ എന്നത് എഴുതിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ 'ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ജാതി ഏതെന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അതുകൊണ്ട് പേരിന്റെ കൂടെ ജാതി വെക്കണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതോടെ ഗോവിന്ദ് വസന്തയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Content Highlights: Govind Vasantha reveals the reason behind changing the caste with his name