ഖത്തർ ആക്രമണം; ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് യുഎഇ

'ഖത്തറിൻ്റെ സുരക്ഷ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണ്.'

ഖത്തർ ആക്രമണം; ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് യുഎഇ
dot image

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ യുഎഇയിലെ ഇസ്രായേൽ ഡെപ്യൂട്ടി അംബാസഡറായ ഡേവിഡ് അഹാദ് ഹോർസാൻഡിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് യുഎഇ. ഖത്തറിനുനേരെ ഇസ്രായേൽ നടത്തിയ 'ധിക്കാരപരമായതും ഭീരുത്വം നിറഞ്ഞതുമായ' ആക്രമണത്തെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആക്രമണാത്മക പ്രസ്താവനകളെയും ശക്തമായി അപലപിക്കുന്നതായി യുഎഇ അറിയിച്ചു.

അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി യുഎഇയിലെ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തുകയും ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണ്. കൂടാതെ, ഇത് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്ന നിരുത്തരവാദപരമായ ഒരു നീക്കമാണെന്നും ഇബ്രാഹിം അൽ ഹാഷിമി കൂട്ടിച്ചേർത്തു.

'ഖത്തറിൻ്റെ സുരക്ഷ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണ്.' ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും കൂട്ടായ ഗൾഫ് സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അൽ ഹാഷിമി പ്രതികരിച്ചു.

'ഇസ്രയേലിന്റെ പ്രകോപനപരവും ആക്രമണാത്മകവുമായ സമീപനം തുടരുന്നത് ​ഗൾഫ് മേഖലയെ അതീവ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടും.' ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അൽ ഹാഷിമി വ്യക്തമാക്കി.

ചൊവ്വാഴ്ച പ്രാദേശികസമയം വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

Content Highlights: UAE summons Israeli deputy ambassador after Qatar strikes

dot image
To advertise here,contact us
dot image