
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് മകന്‍. കിടന്നിട്ട് വരാമെന്ന് പറഞ്ഞ് റൂമില്‍ പോയതാണെന്നും ആദ്യം കൈമുറിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. പിന്നീട് വീണ്ടും മുറിക്കാന്‍ ശ്രമിച്ചെന്നും മകന്‍ വ്യക്തമാക്കി.
'മര്യാദക്ക് ജീവിച്ച് കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങള്‍ എങ്ങനെ ജീവിക്കും? കോണ്‍ഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു', മകന്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
നിലവില്‍ പത്മജയെ ബത്തേരി വിനായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. സംഭവത്തില്‍ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ രംഗത്തെത്തിയിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും ഡിസിസി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. 'അച്ഛന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് പണം എടുത്തിരുന്നതെങ്കില്‍ ഇങ്ങനെ സംസാരിക്കേണ്ടി വരില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് അച്ഛന്‍ കടം വാങ്ങിയത്. ബാങ്ക് ഇടപാടുകള്‍ തീര്‍ത്തുനല്‍കിയാല്‍ മതി. അന്ന് അച്ഛന്റെ കത്ത് പുറത്തുവന്നപ്പോള്‍ പറഞ്ഞത് അന്തവും കുന്തവുമില്ലാത്ത കുടുംബമാണെന്നൊക്കെയാണ്. എന്‍ എം വിജയന്റെ എല്ലാ ഇടപാടുകളും തീര്‍ക്കും എന്ന് പറഞ്ഞതല്ലേ', എന്നായിരുന്നു പത്മജയുടെ പ്രതികരണം.
പാര്‍ട്ടി പറഞ്ഞുപറ്റിച്ചെന്നും ഉപസമിതി രൂപീകരിച്ച് വീട്ടില്‍ വന്ന് മാധ്യമങ്ങളോട് പറയാനുള്ളത് പറഞ്ഞ് പഠിപ്പിച്ചെന്നും പത്മജ പറഞ്ഞിരുന്നു. 'വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഞാന്‍ പിടിച്ചുനില്‍ക്കുന്നത് കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. പക്ഷെ ഇടയ്ക്ക് ഞാനും പതറിപ്പോകും. ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതി തരാന്‍ കഴിയുള്ളൂ എന്നുണ്ടോ?', പത്മജ പറഞ്ഞു.
ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.
Content Highlights: Wayanad DCC Pathmaja s son reaction over her death attempt