
വന്ദേഭാരതല്ല, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഏതാണെന്ന ചോദ്യത്തിന് ഇനിയുള്ള ഉത്തരം നമോ ഭാരത് ട്രെയിനെന്നാണ്. ഡൽഹി മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിൽ സർവീസ് നടത്തുന്ന നമോ ഭാരത് കുതിക്കുന്നത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ്. 2016ൽ ലോഞ്ച് ചെയ്ത ഗതിമാൻ എക്‌സ്പ്രസായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ. ഇത് ഹസാറത്ത് നിസാമുദ്ദീനും ആഗ്രയ്ക്കും ഇടയിവുള്ള സ്‌പെഷ്യൽ ട്രാക്കിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് സെമി ഹൈസ്പീഡ് ട്രെയിൻ സീരീസായ വന്ദേഭാരത് വന്നു. ഇതും സമാനമായ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് റെയിൽവേ മന്ത്രാലയം 2024 ജൂൺ 24ന് ഇവയുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ എന്നുള്ളത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത എന്ന നിലയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും സൂചിപ്പിച്ചതുമില്ല. നിലവിൽ ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളെല്ലാം സർവീസ് നടത്തുന്നത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ്.
മുപ്പത് നമോ ഭാരത് ട്രെയിൻ സെറ്റുകളിൽ ഓരോ എണ്ണത്തിനും ആറു കാറുകൾ വീതമാണ് ഉള്ളത്. 15 മിനിറ്റ് ഫ്രീക്വൻസിയിലാണ് ഇവ ഓടുന്നത്. ഇത് കടന്നുപോകുന്ന റൂട്ടിലെ 11 സ്റ്റേഷനുകൾക്ക് ഇടയിലൂടെയുള്ള യാത്രക്കിടയിൽ കുറച്ച് സെക്കൻഡുകൾ മാക്‌സിമം വേഗതയായ മണിക്കൂറിൽ 160 കിലോമീറ്ററിലേക്ക് എത്തും. ഇത് കിഴക്കൻ ഡൽഹിയിലെ ഈ ന്യൂ അശോക് നഗറിനും യുപിയിലെ മീററ്റ് സൗത്ത് സ്റ്റേഷനും ഇടയിലാണ് സർവീസ് നടത്തുന്നത്.
പതിനാറ് സ്റ്റേഷനുകളുള്ള 82.15 കിലോ മീറ്റർ നീളമുള്ള ഈ ഇടനാഴി ആരംഭിക്കുന്നത് ഡൽഹിയിലെ സാരായി കാലി ഖാൻ മുതൽ യുപിയിലെ മോദിപുരം വരെയാണ്. ഇത് ഉടൻ തന്നെ കമ്മിഷൻ ചെയ്യുമെന്ന് നാഷണൽ ക്യാപിറ്റൽ റീജിയണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതർ പറയുന്നു. ഇന്ത്യൻ ഗവൺമെന്റും(50 ശതമാനം) ഡൽഹി, യുപി, ഹരിയാന, രാജസ്ഥാൻ(ഓരോ സംസ്ഥാനവും 12.5 ശതമാനവും) ചേർന്നാണ് രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം നടപ്പിലാക്കുന്നത്.
രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം അഞ്ച് മുതൽ എട്ടു കിലോമീറ്ററുകൾ വരെയാണ് മാറി വരുന്നത്, സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം കൂടുന്നതിനനുസരിച്ച് ട്രെയിൻ ഏറ്റവും ഉയർന്ന വേഗതയിലെത്തും. ഡൽഹി മുതൽ മീറ്ററ് വരെയുള്ള ദൂരം പിന്നിടുന്നതിന് നമോ ഭാരത് ട്രെയിനുകൾക്ക് ഒരു മണിക്കൂറു പോലും വേണ്ട. അതിനിടയിലുള്ള എല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തുകയും ചെയ്യും.
Content Highlights: Namo Bharat Trains are the fastest train in India