
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും, ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇനി പുതിയ റോളിൽ. ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ (SA20) പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകനായി ഗാംഗുലിയെ നിയമിച്ചു. ഇതാദ്യമായാണ് ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലി ചുമതലയേല്‍ക്കുന്നത്.
പ്രിട്ടോറിയ ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പങ്കുവച്ചത്. 'ക്യാപിറ്റല്‍സ് ക്യാമ്പില്‍ രാജകീയ പ്രതീതി കൊണ്ടുവരാന്‍ പ്രിന്‍സ് എത്തുന്നു'വെന്നാണ് ഗാംഗുലിയുടെ നിയമനത്തെക്കുറിച്ച് ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മുന്‍ ഇംഗ്ലണ്ട് താരം ജൊനാതന്‍ ട്രോട്ടിന്റെ പിന്‍ഗാമിയായാണ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗാംഗുലിയുടെ വരവ്. എസ്എ20 ടൂർണമെന്റിൽ ടീമിനെ മുന്നോട്ടു നയിക്കലാണ് ഗാംഗുലി നേരിടുന്ന പ്രധാന വെല്ലുവിളി.
2008ലാണ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് റോളുകളിലേക്ക് ചുവടുമാറ്റം നടത്തി. ബിസിസിഐ പ്രസിഡന്റായും, ഐസിസിയുടെ പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു.
Content Highlights: Former Indian cricket captain Sourav Ganguly named as Pretoria Capitals head coach