ഗഗൻയാൻ ദൗത്യത്തിന്‍റെ ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണം വിജയം; പാരച്യൂട്ടുകളുടെ പ്രവർത്തനം കൃത്യം

ഗഗൻയാൻ യാത്രാ പേടകത്തിൻ്റെ മാതൃകയിലുള്ള 4.5 ടൺ ഭാരമുള്ള മൊഡ്യൂളാണ് നാല് കിലോമീറ്റർ ഉയരത്തിൽനിന്ന് പരീക്ഷണത്തിനായി താഴേക്ക് ഇട്ടത്

dot image

ന്യൂഡൽഹി: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി 01) വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സുപ്രധാന ദൗത്യമാണ് ഗഗൻയാൻ. ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിൽ സുരക്ഷിതമായി എത്തിക്കുന്ന പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന പരീക്ഷണമാണ് ഇന്ന് നടന്നത്.

വ്യോമസേനയുടെ ചീനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽനിന്ന് താഴേക്കിട്ടു. പിന്നാലെ പേടകം കടലിൽ വിജയകരമായി ഇറങ്ങി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയിലുള്ള 4.5 ടൺ ഭാരമുള്ള മൊഡ്യൂളാണ് പരീക്ഷണത്തിനായി പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ഇട്ടത്. കടലിൽ സുരക്ഷിതമായി ഇറങ്ങിയ പേടകത്തെ നാവിക സേനയുടെ കപ്പൽ ഉപയോഗിച്ചാണ് വീണ്ടെടുത്തത്.

വ്യോമസേന, നാവിക സേന, ഡിആർഡിഒ, കോസ്റ്റ് ഗാർഡ് എന്നിവരുടെ സഹകരണത്തോടൊണ് ഐഎസ്ആർഒ പരീക്ഷണം പൂർത്തിയാക്കിയത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്ന ലക്ഷ്യമിട്ട് ഇന്ത്യയുടെ സ്വന്തം ദൗത്യമാണ് ഗഗൻയാൻ. ഗഗൻയാൻ ശ്രേണിയിലെ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യോമമിത്ര എന്ന റോബോട്ടിനെ അയച്ച ശേഷമായിരിക്കും യാത്രികരെ ബഹിരാകാശത്തേക്ക് പറഞ്ഞയക്കുക. ഇത് വിജയകരമായാൽ സ്വന്തം നിലയ്ക്ക് ബഹിരാകാശത്ത് ആളെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Content Highlights: ISRO successfully accomplished first integrated Air Drop Test for Gaganyaan Mission

dot image
To advertise here,contact us
dot image