യുഎഇയിൽ നിയമലംഘനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ സെൻട്രൽ ബാങ്ക് നടപടി

ബാങ്കുകള്‍, എക്സ്ചേഞ്ച് ഹൗസുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്

dot image

യുഎഇയില്‍ നിയമ ലംഘനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി സെന്‍ട്രല്‍ ബാങ്ക്. നടപടികളുടെ ഭാ​ഗമായി 370 മില്ല്യണ്‍ ദിര്‍ഹം വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് എതിരെ സ്വീകരിച്ച ശിക്ഷാ നടപടികളുടെ കണക്കുകളാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടത്.

ബാങ്കുകള്‍, എക്സ്ചേഞ്ച് ഹൗസുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിച്ചതായി സെന്‍ട്രല്‍ബാങ്ക് അറിയിച്ചു.

ഈ വര്‍ഷം 13 എക്സ്ചേഞ്ച് ഹൗസുകള്‍ക്കും 10 ബാങ്കുകള്‍ക്കുമാണ് പിഴ ചുമത്തിയത്. ഏഴ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ചില കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത പിഴയും ചുമത്തി. ഒരു ബ്രാഞ്ച് മാനേജര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ ചുമത്തിയതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

കഴിഞ്ഞ മെയില്‍ രാജ്യത്തെ ഒരു ധനവിനിമയ സ്ഥാപനത്തിന് ചുമത്തിയ 200 ദശലക്ഷത്തിന്റെ പിഴയാണ് ഈ വര്‍ഷത്തെ ഏറ്റവും കടുത്ത ശിക്ഷ. ഒരു വിദേശബാങ്കിന് 100 ദശലക്ഷം ദിര്‍ഹത്തിന്റെ പിഴയും ചുമത്തി. സുതാര്യത, ഉപഭോകൃത സംരക്ഷണം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അനുവദിക്കില്ലെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Content Highlights: Central Bank steps up action against financial institutions violating laws in UAE

dot image
To advertise here,contact us
dot image