പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികളെ സംരക്ഷിക്കുന്ന യുഎഇയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യ

യുഎഇയ്ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികളെ സംരക്ഷിക്കുന്ന യുഎഇയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യ
dot image

സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രവാസികളെ സംരക്ഷിക്കുന്നതിന് യുഎഇയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യ. യുഎഇ മന്ത്രി റീം അല്‍ ഷംസിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ സഹചര്യം ഇരുവരും വിശദമായി ചര്‍ച്ച ചെയ്തു. ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞുകിടിക്കുന്നത് മൂലം വിവിധ മേഖല നേരിടുന്ന പ്രതിസന്ധിയും ചര്‍ച്ചയായി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. യുഎഇയ്ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ തുടര്‍ച്ചയായ 20-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ മേഖലയിലുണ്ടായ ആക്രമണത്തില്‍ എല്‍എന്‍ജി സംവിധാനം തകര്‍ന്നു. ആക്രമണങ്ങള്‍ക്ക് പിന്നാലെ ഖത്തറിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി. സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിക്കാവന്‍ ഇറാന്‍ തയ്യാറാകണമെന്ന് ഇസ്ലാമിക്-അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ഇറാന്റെ സൗത്ത് പാര്‍സ് വാതക പാടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വ്യവസായ മേഖലകളില്‍ ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പ്പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയെ ആണ് ഇറാന്‍ പ്രധാനമായും ലക്ഷ്യം വച്ചത്. ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്ര പ്രധാന മേഖലയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നാലെ
ഖത്തറിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി.

കുവൈറ്റിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലകളായ മിന അല്‍-അഹ്‌മദി, അബ്ദുള്ള പോര്‍ട്ട് എന്നിവയ്ക്ക് നേരെയും ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ റിഫൈനറികളിലെ പ്രവര്‍ത്തന യൂണിറ്റുകളില്‍ നേരിയ തീപിടുത്തമുണ്ടായതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പ്രവാസികള്‍ക്ക് പരിക്കേറ്റു.

ഏഴ് മിസൈലുകളും 15 ഡ്രോണുകളും ഇന്ന് നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകാണമെന്ന് 12 അറബ്, ഇസ്ലാമിക് രാജ്യങ്ങള്‍ പങ്കെടുത്ത യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ആഘാതം കണക്കു കൂട്ടുന്നതില്‍ യുദ്ധം തുടങ്ങിയവര്‍ക്ക് പിഴവുണ്ടായെന്നും അമേരിക്കയും ഇസ്രയേലും ആഗ്രഹിച്ചത് നേടാന്‍ സാധ്യതയില്ലെന്നുമായിരുന്നു യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഒമാന്റെ പ്രതികരണം.

Content Highlights: India has expressed gratitude to the UAE for ensuring the safety of expatriates amid the ongoing West Asia conflict, highlighting strong bilateral ties.

dot image
To advertise here,contact us
dot image