പലിശപ്പേടിയും എണ്ണവിലയും വില്ലനായി; സ്വർണ വിപണിയിൽ 2020ന് ശേഷമുള്ള വൻ തകർച്ച

കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് നയവും ക്രൂഡ് ഓയിൽ വിലവർധനയും വില്ലനായതോടെ, രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,660 ഡോളറിലേക്ക് കൂപ്പുകുത്തി

പലിശപ്പേടിയും എണ്ണവിലയും വില്ലനായി; സ്വർണ വിപണിയിൽ 2020ന് ശേഷമുള്ള വൻ തകർച്ച
dot image

യുദ്ധം മൂലം സ്വർണവില താഴാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഇറാൻ-ഇസ്രായേൽ സംഘർഷം മൂലം അസംസ്കൃത എണ്ണ, പ്രകൃതിവാതകം, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയർന്നു. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്കകൾ ഉയർത്തി. പണപ്പെരുപ്പം ഉയരുന്നത് തടയാൻ ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പ്രത്യേകിച്ച് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ മടിക്കും.

gold bar

വ്യാഴാഴ്ച നടന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിലും പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമാണ് കൈക്കൊണ്ടത്. പലിശ നിരക്ക് കുറഞ്ഞാൽ മാത്രമേ സ്വർണത്തിന് നിക്ഷേപകർക്കിടയിൽ കൂടുതൽ മൂല്യം ലഭിക്കൂ. പലിശ ലഭിക്കാത്ത നിക്ഷേപമായതിനാൽ ഉയർന്ന പലിശ നിരക്കുള്ള സാഹചര്യത്തിൽ നിക്ഷേപകർ സ്വർണ്ണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് വിലയിടിയാൻ കാരണം.

കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് നയവും ക്രൂഡ് ഓയിൽ വിലവർധനയും വില്ലനായതോടെ, രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,660 ഡോളറിലേക്ക് കൂപ്പുകുത്തി. 2020ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവായ ഏഴ് ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ചയുണ്ടായ തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില അല്‍പം വര്‍ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 13,835 രൂപയും. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. വ്യാഴാഴ്ച പവന് 5000 രൂപയിലേറെ താഴ്ന്നിരുന്നു.

ആഗോള വിപണിയിലെ തകർച്ച വരുംദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലും സ്വർണവില കുറയാൻ കാരണമായേക്കും. കഴിഞ്ഞ മാസങ്ങളിൽ റെക്കോർഡ് ഉയരത്തിലായിരുന്ന സ്വർണവില താഴുന്നത് വിവാഹ സീസണിലേക്ക് കടക്കുന്ന മലയാളികൾക്ക് നേരിയ ആശ്വാസമായേക്കാം. എന്നാൽ ഇന്ധനവില ഉയരുന്നത് മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നത് തിരിച്ചടിയാകും.

Content Highlights: Interest rate fears and oil prices become villains; Gold market sees biggest collapse since 2020

dot image
To advertise here,contact us
dot image