

നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകമനം കവർന്ന സംവിധായകൻ ആണ് ഖാലിദ് റഹ്‌മാൻ. സംവിധായകന്റേതായി അവസാനം പുറത്തുവന്ന ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഖാലിദിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
മട്ടാഞ്ചേരി മാഫിയ എന്നാണ് സിനിമയുടെ പേര്. മമ്മൂട്ടിയ്‌ക്കൊപ്പം നസ്ലെനും ആസിഫ് അലിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ബി രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് സിനിമയുടെ നിർമാണം. നിയോഗ് കൃഷ്ണ, ഷറഫ്-സുഹാസ്, തസ്‌രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം, സംഗീതം റെക്സ് വിജയൻ. സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. ഉണ്ട എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്. ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. നസ്‌ലെൻ, ഗണപതി, ലുക്മാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ആലപ്പുഴ ജിംഖാന ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 70 കോടിയിലധികം രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് ആലപ്പുഴ ജിംഖാന 42.47 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. സ്‌പോര്‍ട്‌സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയുടെ മേക്കിങ്ങിനും ബോക്സിങ് സീനുകൾക്കും നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.
Content Highlights: Khalid Rahman to direct Mammootty, asif ali and naslen in his next film titled mattancherry mafia