

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ ഭരണകൂടം. സംഘര്‍ഷ മേഖലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത് 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റായ പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും വിവരങ്ങള്‍ക്കായി ഔദ്യേഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നേരത്തെ യുഎഇ ഭരണകൂടം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരക്കാര്‍ക്കെതിരായ നടപടി കുടുതല്‍ ശക്തമാക്കിയിരിക്കുന്നത്. സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതിന്റെ പേരില്‍ വിവിധ രാജ്യക്കാരായ 109 പേരെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്താനും തെറ്റായ പൊതുജനാഭിപ്രായം സൃഷ്ടിക്കാനും കാരണമാകുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. പിടിയിലായവര്‍ക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ പങ്കുവച്ച നിരവധി ആളുകളെ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുഎഇ വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ കടന്നുപോകുന്നതിന്റെയും അവ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, വ്യാജ ശബ്ദ ഇഫക്റ്റുകളും വിവരണങ്ങളും നല്‍കിയാണ് പലരും പ്രചരണം നടത്തിയിരുന്നത്. എഐ സാങ്കേതി വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ച സ്ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകളും സമൂഹമധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അത്യവശ്യമാണെന്ന് അബുദാബി പൊലീസ് ഓര്‍മിപ്പിച്ചു. ആധികാരിക വിവങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Abu Dhabi Police have arrested 109 people for spreading fake information on social media related to the West Asia conflict. The crackdown highlights strict measures by UAE authorities to combat misinformation and maintain public order.