തട്ടിപ്പുകൾ വ്യാപകം, ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം

ദുബായില്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്

തട്ടിപ്പുകൾ വ്യാപകം, ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം
dot image

ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം. എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുത്. തട്ടിപ്പ് സംഘം ഫോണിലേക്ക് അയക്കുന്ന വ്യാജ ഒടിപിയോടും പ്രതികരിക്കരുതെന്നും ജിഡിആര്‍എഫ്എയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ദുബായില്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമായ പശ്ചാത്തലത്തിലാണ് ജിഡിആര്‍എഫ്എ വീണ്ടും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണവും അടുത്തിടെ വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. നേരത്തെയും ഇക്കാര്യത്തില്‍ ബോധവത്ക്കരണം നടത്തിയിരുന്നെങ്കിലും ജനങ്ങള്‍ വീണ്ടും ഇത്തരം ചതികളില്‍ അകപ്പെടുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ജിഡിആര്‍എഫ്എയുടെയും മറ്റ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യേഗസ്ഥര്‍ എന്ന വ്യാജേനെ ജനങ്ങളെ സമീപിച്ച് എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. ഇത്തരക്കാര്‍ ഫോണിലേക്ക് അയക്കുന്ന ഒടിപി കൈമാറിയാല്‍ ബാങ്ക് അക്കൗണ്ടിലെ പണം ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണമാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരിക്കലും എമിറേറ്റ്‌സ് ഐഡി നമ്പര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, വണ്‍-ടൈം പാസ്വേഡ് എന്നിവ പോലുളള സ്വകാര്യ വിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജിഡിആര്‍എഫ്എ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. ഔദ്യോഗികവും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താവൂ എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജിഡിആര്‍എഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയ വിശ്വസനീയ പ്ലാറ്റ്ഫോമുകള്‍ മാത്രം പിന്‍തുടരണം. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും ജനങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പെന്നും ജിഡിആര്‍എഫ്എ വ്യക്തമാക്കി.

Content Highlights: The Dubai Immigration Department has warned residents to avoid sharing personal or sensitive information over phone calls. The advisory comes amid increasing reports of fraudsters impersonating officials to extract data. Authorities stressed that official departments do not request confidential details via phone and urged the public to stay alert and report suspicious calls.

dot image
To advertise here,contact us
dot image