
റാസൽഖൈമ: കാർ പാർക്കിങിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ അമ്മയെയും രണ്ട് പെൺമക്കളും വെടിവച്ച് കൊലപ്പെടുത്തി. റാസൽഖൈയിൽ വെച്ച് നടന്ന സംഭവത്തിൽ 66 വയസായ സ്ത്രീയും 35, 38 വയസുള്ള പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയും നാല് പെൺമക്കളുമായി കാറിൽ ഇരിക്കുന്നതിനിടെ പാർക്കിങിനെ ചൊല്ലി ഒരാളുമായി തർക്കത്തിൽ ആവുകയായിരുന്നു. ഇതിന് പിന്നാലെ പ്രകോപിതനായ പ്രതി സ്ത്രീകൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മഹർ സലേം വഫായ് പ്രാദേശിക പത്രമായ എമറാത്ത് അൽ യൂമിനോട് പറഞ്ഞു.
സംഭവത്തിൽ തന്റെ അമ്മയ്‌ക്കൊപ്പം മൂന്ന് സഹോദരിമാർക്കും വെടിയേറ്റതായും ഹർ സലേം വഫായ് പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ 35 ഉം 38 ഉം വയസുള്ള സഹോദരിമാർ മരിച്ചു. 47 വയസുള്ള മൂന്നാമത്തെ സഹോദരി ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. പരിക്കേറ്റതിന് പിന്നാലെ കാറിൽ ഉണ്ടായിരുന്ന തന്റെ 11 വയസ്സുള്ള മകന് ഫോൺ കൈമാറുകയും ഓടി രക്ഷപ്പെടാനും സഹായത്തിനായി വിളിക്കാനും നിർദ്ദേശിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 30 വയസ്സുള്ള നാലാമത്തെ സഹോദരി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഉറച്ച വിശ്വാസം ഉണ്ടെന്നും സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കാത്ത കുറ്റകൃത്യമാണ് നടന്നതെന്നും മഹർ സലേം വഫായ് പറഞ്ഞു. കേസ് തുടർനിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതി കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.
ദൈനംദിന ഇടപെടലുകളിൽ ക്ഷമയും ആത്മനിയന്ത്രണവും പാലിക്കണമെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന ഏതൊരാൾക്കും എതിരെ നിയമം കർശനമായി നടപ്പിലാക്കുമെന്നും പൊലീസ് പറഞ്ഞു.
Content Highlights: Mother and two daughters shot dead in UAE Ras Al Khaimah over parking dispute