ജന്തർ മന്തറിലെ ഇടത് നേതാക്കളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം; വിമർശിച്ച് ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആരോപണങ്ങൾ നിഷ്പക്ഷമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് പ്രമുഖ നേതാക്കൾ അറസ്റ്റിലായത്

ജന്തർ മന്തറിലെ ഇടത് നേതാക്കളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം; വിമർശിച്ച് ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ
dot image

ഡൽഹിയിലെ ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന ഭരണകൂട നടപടികൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമായാണ് ഈ പൊലീസ് നടപടിയെ കൂട്ടായ്മ വിലയിരുത്തുന്നത്. അധികാരം ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കാമെന്നത് ഒരു ജനാധിപത്യ ഭരണസംവിധാനത്തിന് യോജിച്ച സമീപനമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണപക്ഷത്തിന്റെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടത്തിയെന്നും അർഹരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്നുമുള്ള ആരോപണങ്ങൾ ഗൗരവതരമാണ്. വോട്ടവകാശത്തിന്റെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തുകയെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുള്ള ഇത്തരം ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്നും ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആരോപണങ്ങൾ നിഷ്പക്ഷമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് പ്രമുഖ നേതാക്കൾ അറസ്റ്റിലായത്. കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത നടപടി തികച്ചും പ്രതിഷേധാർഹമാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കാനും പൗരന്മാർക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൂർണ്ണ അവകാശമുണ്ട്. വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങളെ തടഞ്ഞും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് കരുതുന്നത് തെറ്റായ സമീപനമാണ്.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അതീതമായി പരിശോധിക്കുകയും സുതാര്യത ഉറപ്പാക്കുകയും വേണമെന്ന് ഇടതുപക്ഷ കൂട്ടായ്മ ആവശ്യപ്പെട്ടു. ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ട് പോരാട്ടങ്ങളെ തളർത്താനാവില്ലെന്നും ഇത്തരം നടപടികൾ പ്രതിഷേധത്തെ കൂടുതൽ ശക്തമാക്കുകയേ ഉള്ളൂവെന്നും കൂട്ടായ്മ വ്യക്തമാക്കി. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പിന്നാക്കം പോകില്ല.

ജന്തർ മന്തറിൽ നടന്ന അറസ്റ്റുകളെ ശക്തമായി അപലപിച്ച ഇടത് കൂട്ടായ്മ, കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശം ഉറപ്പുവരുത്തണമെന്ന് അധികൃതരോട് അവർ നിഷ്കർഷിച്ചു.

Content Highlights: The Bahrain Left-Wing Collective has criticized the arrest of Left leaders at Jantar Mantar, describing the action as anti-democratic and raising concerns over democratic rights.

dot image
To advertise here,contact us
dot image