

ഇസ്രയേലിനും ഇറാനുമെതിരെ യുഎന്നിൽ തുറന്നടിച്ച് സൗദി അറേബ്യ. അറബ് ലോകത്തെ പ്രധാന വിഷയം ഇപ്പോഴും പലസ്തീൻ തന്നെയെന്ന് സൗദി ആവർത്തിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൻ്റെ പ്രത്യേക സമ്മേളനത്തിൽ അറബ് ലോകത്തിന് വേണ്ടി സംസാരിക്കവെയാണ് സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ നിലപാട് വ്യക്തമാക്കിയത്. ലെബനനിലും സിറിയയിലും തുടരുന്ന ഇസ്രയേൽ അധിനിവേശത്തെയും സൗദി കടുത്ത ഭാഷയിൽ അപലപിച്ചു.
'പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കൽ: ചർച്ചകളും മധ്യസ്ഥതയും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് സൗദി പ്രതിനിധി പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾ അക്കമിട്ട് നിരത്തിയത്. പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകണമെങ്കിൽ ഇസ്രയേൽ തങ്ങളുടെ അധിനിവേശം പൂർണമായി അവസാനിപ്പിക്കണം. പലസ്തീൻ ജനതയ്ക്ക് അവരുടെ മണ്ണിൽ പരമാധികാരത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും സ്ഥിരം പ്രതിനിധി ആവശ്യപ്പെട്ടു.
ലെബനൻ്റെ പരമാധികാരത്തിന്മേലും അവിടുത്തെ സൈന്യത്തിന് നേരെയും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണ്. ലെബനൻ്റെ പ്രാദേശിക അഖണ്ഡതയെ ഇസ്രയേൽ ബഹുമാനിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ പാലിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇതോടൊപ്പം സിറിയൻ മണ്ണിലേക്ക് ഇസ്രയേൽ നടത്തുന്ന ആവർത്തിച്ചുള്ള കടന്നുകയറ്റങ്ങളെയും അറബ് ഗ്രൂപ്പ് പൂർണമായി തള്ളിപ്പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ഭീകരാക്രമണങ്ങൾക്കെതിരെയും സൗദി പ്രതിനിധി ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
Content Highlights: