

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ മുന്നറിയിപ്പ് തുടരും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
Content Highlights: Summer Rains to Continue in Kerala and Yellow Alert in 8 Districts Today