

ബാറ്റർമാരുടെ പേടിസ്വപ്നം എന്ന് തന്നെ വിശേഷിപ്പിക്കപ്പെടുന്ന പല ബൗളെർമാരെയും യാതൊരു ഭയവുമില്ലാതെയാണ് വൈഭവ് ഈ സീസണിൽ നേരിട്ടത്. ടൂർണമെന്റിൽ ഉടനീളം താരം നടത്തിവരുന്ന പ്രകടനവും ആരാധകരെയും പ്രമുഖ താരങ്ങളെയും ഒരുപോലെ അതിശയിപ്പിക്കുകയാണ്. നെറ്റ്സിൽ താരം ജോഫ്രെ ആർച്ചറേയും, രവീന്ദ്ര ജഡേജയെയും ബൗണ്ടറികൾ പായിച്ചതും, ബുമ്രയെ നിർഭയം നേരിട്ടതുമെല്ലാം ഏവരെയും അമ്പരപ്പിച്ച പ്രകടനമായിരുന്നു. ഇപ്പോൾ വരും മത്സരത്തിൽ വൈഭവത്തിന്റെ അടുത്ത ലക്ഷ്യം ഗുജറാത്തിന്റെ മുഹമ്മദ് സിറാജ് ആയിരിക്കുമെന്ന രസകരമായ പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം കെ ശ്രീകാന്ത്.

'രാജസ്ഥാന് ഇനി മുന്നിലുള്ള ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ മുഹമ്മദ് സിറാജിനെ ആയിരിക്കും വൈഭവ് ലക്ഷ്യം വെക്കുക. മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ മുഹമ്മദ് സിറാജ് വൈഭവിന്റെ വിക്കറ്റ് എടുത്ത ശേഷം താരത്തെ ദേഷ്യത്തോടെ നോക്കിയിരുന്നു. ആ രംഗം വൈഭവിന്‍റെ മനസ്സിലുണ്ടാകുമെന്നും, നാളെ സിറാജിന് വൈഭവിൽ നിന്ന് അതിനുള്ള വലിയ പ്രഹരം ഏൽക്കേണ്ടി വരും', ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. 2025 സീസണിൽ ഗുജറാത്തിനെതിരെയായിരുന്നു വൈഭവ് തന്‍റെ ഐപിഎല്ലിലെ കന്നി സെഞ്ച്വറി നേടിയിരുന്നത്.
നാളെ നടക്കുന്ന രണ്ടാം ക്വാളിഫയർ വിജയിക്കുന്നവർ ഫൈനലിലെത്തും. ആദ്യ ക്വാളിഫയര്‍ ജയിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേരത്തെ ഫൈനലിലെത്തിയിരുന്നു. മെയ് 31നാണ് 2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരാട്ടം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്.
Content highlight: Former Indian Cricketer prediction on Vaibhav and Mohammed Siraj